കേരളത്തിൽ മെഡിക്കൽ ടൂറിസത്തിന് വൻ സാധ്യതയെന്ന് മന്ത്രി കെകെ ശൈലജ

കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി സംഘടിപ്പിച്ച വെര്‍ച്വല്‍ പ്രദര്‍ശനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കേരളത്തിൽ മെഡിക്കൽ ടൂറിസത്തിന് വൻ സാധ്യതയെന്ന് മന്ത്രി കെകെ ശൈലജ

കൊച്ചി: കോവിഡ് പ്രതിരോധത്തില്‍ ആഗോള മാതൃക സൃഷ്ടിച്ച കേരളത്തിന്‍റെ ആരോഗ്യപരിപാലന സംവിധാനം സംസ്ഥാനത്തെ മെഡിക്കല്‍ ടൂറിസത്തിന് അനന്ത സാധ്യതകളാണ് പ്രദാനം ചെയ്യുന്നതെന്ന് സംസ്ഥാന ആരോഗ്യ-സാമൂഹ്യക്ഷേമ മന്ത്രി കെ കെ ശൈലജ. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സിഐഐ) സംഘടിപ്പിച്ച വെര്‍ച്വല്‍ പ്രദര്‍ശനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

കേരളത്തില്‍ കോവിഡ് രോഗികളില്‍ 0.36 ശതമാനം മാത്രമാണ് മരണപ്പെടുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. കേരളത്തിന്‍റെ തനതു ചികിത്സാരീതിയായ ആയുര്‍വേദം നിരവധി ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നു. അത്യാധുനിക സൗകര്യങ്ങളുള്ള ചികിത്സാ സംവിധാനമാണ് കേരളത്തിന്‍റെ പ്രധാന കൈമുതല്‍.

മറ്റ് ഏഷ്യന്‍ രാജ്യങ്ങളുമായി തട്ടിച്ചു നോക്കുമ്പോള്‍ താരതമ്യേന കുറഞ്ഞ ചികിത്സാ ചെലവാണ് കേരളത്തില്‍ ലഭ്യമാകുന്നത്. ടൂറിസത്തില്‍ നിന്ന് സാധാരണക്കാരനും പ്രയോജനമുണ്ടാകണമെന്ന് അവര്‍ പറഞ്ഞു.

കേരളത്തിന്‍റെ ആരോഗ്യപരിപാലന മേഖലയിലെ പ്രചാരണ പരിപാടികള്‍ ടൂറിസത്തെ ശക്തിപ്പെടുത്തിയിട്ടുണ്ടെന്ന് ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത പറഞ്ഞു. നിലവില്‍ ഇന്ത്യ സന്ദര്‍ശിക്കുന്ന വിദേശ സഞ്ചാരികളില്‍ പത്തു ശതമാനം മാത്രമേ കേരളത്തിലേക്കെത്തുന്നുള്ളൂ. എന്നാല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സമയം സഞ്ചാരികള്‍ ചെലവഴിക്കുന്നത് കേരളത്തിലാണ്. അതിനു കാരണം ആരോഗ്യടൂറിസമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

42 രാജ്യങ്ങളില്‍ നിന്നുള്ള പ്രാതിനിധ്യം പരിപാടിയില്‍ ഉണ്ടായിരുന്നു. ഹെല്‍ത്ത് ടൂറിസവുമായി ബന്ധപ്പെട്ട എക്സിബിഷനും വെര്‍ച്വലായി നടന്നു.

Related Stories

Anweshanam
www.anweshanam.com