
മലപ്പുറം :മലപ്പുറത്തെ സ്കൂളുകളിലെ കൊവിഡ് ബാധയെ തുടർന്ന് പൊന്നാനി താലൂക്കിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സാധ്യത. രണ്ട് സ്കൂളുകളിലെയും ബാക്കി വരുന്ന വിദ്യാർത്ഥികളിൽ പരിശോധന നടത്തും. കൂടാതെ മൂന്ന് പഞ്ചായത്തുകളിലെ ട്യൂഷൻ സെന്ററുകളിൽ പരിശോധന നടത്താനും തീരുമാനമായി. ഇതിനായി മൊബൈൽ ടീം വിന്യസിച്ചു.
മാറഞ്ചേരി, പെരുമ്പടപ്പ്, വെളിയംകോട് എന്നീ പഞ്ചായത്തുകളിലാണ് അതീവ ജാഗ്രത നിർദേശം പുറപ്പെടിവിച്ചിട്ടുള്ളത്. രോഗ വ്യാപനതോത് വിലയിരുത്തി ഈ ഇടങ്ങളിൽ അടുത്ത ദിവസം മൈക്രാ കണ്ടെയ്ൻമെന്റ് സോണുകൾ പ്രഖ്യാപിക്കും.
നിലവിൽ വന്നേരി സ്കൂളിൽ ഹൈസ്കൂൾ, ഹയർ സെക്കൻഡറി ക്ലാസുകളിലെ 370 വിദ്യാർത്ഥികളെ ആർ.ടി.പി.സി.ആർ പരിശോധനക്ക് വിധേയമാക്കും. മാറഞ്ചേരി സ്കൂളിൽ 230 ഹയർ സെക്കൻഡറി വിദ്യാർത്ഥികളിൽ പരിശോധന നടത്തും. ഇതിന് പുറമെ നിലവിൽ രോഗം സ്ഥിരീകരിച്ചവരുമായി പ്രൈമറി കോൺടാക്ട് ഉള്ളവരെ കണ്ടെത്തി ഇവരുടെ പരിശോധനയും അടുത്ത ദിവസങ്ങളിൽ നടത്താൻ തീരുമാനിച്ചിട്ടുണ്ട്.