
ന്യൂഡല്‍ഹി: കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പോളിംഗ് ബൂത്തുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനൊരുങ്ങി കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷന്. കോവിഡ് വ്യാപനഘട്ടത്തില്‍ ബൂത്തുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ച് ബിഹാറിലെ തിരഞ്ഞെടുപ്പ് വിജയകരമായി നടപ്പാക്കിയതോടെയാണ് കേരളത്തിലും ഈ മാതൃക നടപ്പാക്കാന്‍ കമ്മീഷന് ആലോചിക്കുന്നത്. നിലവിലെ സ്ഥിതിഗതികള്വിലയിരുത്തി റിപ്പോര്‍ട്ടു തയ്യാറാക്കാന്‍ ഡെപ്യുട്ടി തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുധീപ് ജയിന്റെ നേതൃത്വത്തില്‍ മൂന്നംഗ സംഘത്തിന് രൂപം നല്‍കിയിട്ടുണ്ട്.
കേന്ദ്രഭരണ പ്രദേശമുള്‍പ്പടെ രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പാണ് വരാനിരിക്കുന്നത്. കോവിഡ് ഭീതി ഒഴിയാത്ത സാഹചര്യത്തില്‍ പ്രതിരോധ മാര്ഗ്ഗരേഖകള്കര്ശനമായി പാലിക്കുമെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ലയുമായി നടത്തിയ ചര്‍ച്ചയില്‍ കമ്മീഷന് ഉറപ്പുനല്‍കി. സാമൂഹിക അകലം പാലിച്ച് വോട്ടെടുപ്പ് നടത്താന്‍ ബിഹാറില്‍ പോളിങ് ബൂത്തുകളുടെ എണ്ണം 63 ശതമാനം വര്‍ദ്ധിപ്പിച്ചിരുന്നു. ഇത്തരത്തില്‍ അടുത്തതായി തിരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിലും ബൂത്തുകളുടെ വര്‍ദ്ധന സാധ്യമാണോ എന്ന് സമിതി പരിശോധിക്കും.
2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ 21500 ത്തോളം പോളിങ് ബൂത്തുകളായിരുന്നു ഉണ്ടായിരുന്നത്. ഇതില്‍ എത്ര വര്‍ദ്ധനവ് വേണം എന്നത് സംബന്ധിച്ച് ജനുവരി 21 മുതല്‍ സംസ്ഥാനം സന്ദര്‍ശിക്കുന്ന കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ മൂന്നംഗ സംഘത്തിന്റെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം അന്തിമ തീരുമാനമുണ്ടാകും. ബൂത്തുകളുടെ എണ്ണം വര്‍ധിപ്പിക്കുന്ന സാഹചര്യത്തതില്‍ കൂടുതല്‍ കേന്ദ്ര സേന അംഗങ്ങളെ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി ലഭ്യമാക്കണമെന്നും കേന്ദ്ര ആഭ്യന്തര സെക്രട്ടറിയോട് തിരഞ്ഞെടുപ്പ് കമ്മീഷന് ആവശ്യപ്പെട്ടിട്ടുണ്ട്.