
തിരുവനന്തപുരം: കശുവണ്ടി കോര്പ്പറേഷന് അഴിമതി കേസില്‍ പ്രതിയായ ഖാദി ബോർഡ് സെക്രട്ടറി കെ എ രതീഷിന് ഇരട്ടി ശമ്പളം നൽകാൻ തീരുമാനം. 1.72 ലക്ഷം രൂപ ശമ്പളം നൽകാനാണ് തീരുമാനം. ബോർഡിൽ അഞ്ച് പേരിൽ രണ്ടംഗങ്ങൾ മാത്രം അനുകൂലിച്ച നിർദ്ദേശത്തിൽ മന്ത്രി ഇ.പി.ജയരാജന്റെ അഭിപ്രായം പരിഗണിച്ചാണ് തീരുമാനമുണ്ടായത്.
ഖാദി ബോര്‍ഡ് സെക്രട്ടറിമാര്‍ക്ക് നേരത്തെ 80,000 രൂപയായിരുന്നു ശമ്പളമായി നിശ്ചയിച്ചിരുന്നത്. ഇത് പോരെന്നും 1,75,000 രൂപ ശമ്പളമായി ലഭിക്കണമെന്നും കാണിച്ച് കെ.എന്‍.രതീഷ് തന്നെ
കത്തെഴുതുകയായിരുന്നു. നിലനില്‍പ്പിനായി പോരാടുകയും ശമ്പളവും പെന്‍ഷനും കൊടുക്കാന്‍ കഴിയാതെ മുന്നോട്ടുപോകുകയും ചെയ്യുന്ന അവസരത്തിലാണ് സെക്രട്ടറിയുടെ ഈ നടപടിയെന്നത് ശ്രദ്ധേയമാണ്.
ഖാദി ബോര്‍ഡിലെ അഞ്ച് അംഗങ്ങളില്‍ രണ്ടുപേര്‍ മാത്രമാണ് സെക്രട്ടറിയുടെ നിര്‍ദേശം അംഗീകരിച്ചത്. പക്ഷേ ചെയര്‍മാനായ മന്ത്രി ഇ.പി.ജയരാജന് ഇതിനെ അനുകൂലിച്ചതോടെ കെ.എന്‍.രതീഷിന്റെ ശമ്പളം ഇരട്ടിയായി ഉയര്‍ന്നു.
മാസങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് ഖാദി ബോർഡ് യോഗം വ്യവസായ മന്ത്രിയുടെ ചേംബറിൽ ചേർന്നത്. ശമ്പളവിതരണത്തിലടക്കം കടുത്ത സാമ്പത്തിക ബാധ്യതക്കിടെയാണ് ഖാദി ബോർഡ് സെക്രട്ടറിയുടെ ശമ്പളം ഇരട്ടിയാക്കിയുള്ള തീരുമാനം.