കെ ടി ജലീലിനെതിരായ പ്രതിഷേധം പകർത്താനെത്തിയ മാധ്യമപ്രവർത്തകന് നേരെ പൊലീസ് കയ്യേറ്റം

പല തവണ പത്ര ഫോട്ടോഗ്രാഫർ ആണെന്ന് ആവർത്തിച്ച് ഐ.ഡികാർഡ് കാണിച്ചെങ്കിലും ഇതൊന്നും പൊലീസുകാരൻ ചെവികൊണ്ടില്ല
കെ ടി ജലീലിനെതിരായ പ്രതിഷേധം പകർത്താനെത്തിയ മാധ്യമപ്രവർത്തകന് നേരെ പൊലീസ് കയ്യേറ്റം

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീലിന്റെ രാജിയാവശ്യപ്പെട്ട് വിവിധ യുവജനസംഘടനകൾ നടത്തിയ മാർച്ച് പകർത്താനെത്തിയ മാധ്യമ പ്രവർത്തകന് നേരെ പൊലീസ് കയ്യേറ്റം. "കേരളകൗമുദി"ഫോട്ടോഗ്രാഫർ നിശാന്ത് ആലുകാടിനാണ് പൊലീസ് അക്രമം നേരിടേണ്ടിവന്നത്. ഇന്നലെ രാവിലെ സെക്രട്ടേറിയറ്റിന്റെ നോർത്ത് ഗേറ്റിലായിരുന്നു സംഭവം.

യുവമോർച്ചയുടെ ജാഥയിലുണ്ടായിരുന്ന നഗരസഭാ കൗൺസിലർമാരെ പൊലീസ് കയ്യേറ്റം ചെയ്യാൻ ശ്രമിക്കുന്നത് പകർത്താൻ ശ്രമിക്കുമ്പോഴാണ് കൺട്രോൾ റൂം സി.ഐ പൃഥിരാജ് ഫോട്ടോഗ്രാഫർ നിശാന്തിനെ കഴുത്തിന് പിടിച്ചമർത്തി തള്ളിയത്. "നിന്നെയൊന്നും ഫോട്ടോയെടുക്കാൻ സമ്മതിക്കില്ലെന്ന് ആക്രോശിച്ചായിരുന്നു " പൊലീസിന്റെ പരാക്രമം.

എതിർപ്പിനെ വകഞ്ഞ് മാറ്റി മുന്നോട്ട് നീങ്ങാൻ ശ്രമിച്ച നിശാന്തിനെ പൊലീസ് ഉദ്യോഗസ്ഥൻ ബാരിക്കേഡിലേക്ക് ചേർത്ത് നിറുത്തി അമർത്തിപ്പിടിച്ചു. പല തവണ പത്ര ഫോട്ടോഗ്രാഫർ ആണെന്ന് ആവർത്തിച്ച് ഐ.ഡികാർഡ് കാണിച്ചെങ്കിലും ഇതൊന്നും പൊലീസുകാരൻ ചെവികൊണ്ടില്ല. മറ്റ് മാധ്യമഫോട്ടോഗ്രാഫർമാർ കൂട്ടത്തോടെയെത്തിയപ്പോഴാണ് അക്രമത്തിൽ നിന്ന് ഇദ്ദേഹം പിൻമാറിയത്.

Related Stories

Anweshanam
www.anweshanam.com