കേരളത്തില്‍ കോവിഡ് പരിശോധന കൂട്ടി; രാജ്യത്ത് മൂന്നാമതെന്ന് മുഖ്യമന്ത്രി

കോവിഡ് പരിശോധനയ്ക്കായി ഒമ്പത് സര്‍ക്കാര്‍ ലാബുകള്‍ക്ക് കൂടി അനുമതി
കേരളത്തില്‍ കോവിഡ് പരിശോധന കൂട്ടി; രാജ്യത്ത് മൂന്നാമതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് പരിശോധന കൂട്ടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിദിന കോവിഡ് പരിശോധനകളില്‍ കേരളം രാജ്യത്ത് മൂന്നാം സ്ഥാനത്താണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോവിഡ് പരിശോധനയ്ക്കായി ഒമ്ബത് സര്‍ക്കാര്‍ ലാബുകള്‍ക്ക് കൂടി അനുമതി നല്‍കിയതായും മുഖ്യമന്ത്രി അറിയിച്ചു. തിരുവനന്തപുരം പുല്ലുവിളയില്‍ ഇതുവരെ 6,781 പരിശോധനകളാണ് നടത്തിയത്. ഇവിടുത്തെ ടെസ്റ്റ് പോസിറ്റീവ് റേറ്റ് 42.92 ശതമാനമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

കേരളത്തില്‍ 0.31 ശതമാനമാണ് മരണനിരക്ക്. ഇതു കഠിനപ്രയത്‍നത്തിന്റെ ​ഗുണഫലമാണ്. മരണസംഖ്യ അമ്ബതായി. ചിലരുടെ ആക്ഷേപം വേണ്ടത്ര പരിശോധന നടത്തുന്നില്ല എന്നാണ്. കോവിഡ് പരിശോധനകള്‍ വര്‍ദ്ധിപ്പിക്കാന്‍ വലിയ സൗകര്യമാണ് ഒരുക്കിയത്.

തുടക്കത്തില്‍ ആലപ്പുഴ എന്‍.ഐ.വിയില്‍ മാത്രം ഉണ്ടായിരുന്ന ആര്‍.ടി പി.സി.ആര്‍ കോവിഡ് പരിശോധന ഇപ്പോള്‍ 15 സര്‍ക്കാര്‍ ലാബുകളിലും എട്ട് സ്വകാര്യലാബിലും ഉണ്ട്. ട്രൂനാറ്റ് പരിശോധന 19 സര്‍ക്കാര്‍ ലാബിലും 15 സ്വകാര്യ ലാബിലും സിബിനാറ്റ് പരിശോധന ആറ് സര്‍ക്കാര്‍ ലാബിലും ഒമ്ബത് സ്വകാര്യ ലാബിലും നടക്കുന്നു. ആശുപത്രികളിലേയും വിമാനത്തവാളത്തിലേയും പരിശോധനയ്ക്ക് എട്ട് ലാബുകള്‍ വേറെയുമുണ്ട്. ഇനി ഒമ്ബത് ലാബുകളില്‍ കൂടി ഉടന്‍ പരിശോധന സൗകര്യം ലഭ്യമാക്കും. ഇതോടൊപ്പം അക്രഡിറ്റേഷനുള്ള ലാബുകളിലും ഉടന്‍ കോവിഡ് പരിശോധന വരും.

തുടക്കത്തില്‍ നൂറില്‍ താഴെയായിരുന്ന പ്രതിദിന പരിശോധന 25,000 വരെ ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 25,160 സാംപിളുകള്‍ പരിശോധിച്ചു. ഇതുവരെ ആകെ 6,35,272 സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ടെസ്റ്റ് പരിശോനയുടെ കാര്യത്തില്‍ ടെസ്റ്റ് പെ‍ര്‍ മില്യണ്‍ ബൈ കേസ് ബൈ മില്യണ്‍ എന്ന് ശാസ്ത്രീയ മാര്‍ഗം നോക്കുമ്ബോള്‍ കേരളം മൂന്നാം സ്ഥാനത്താണെന്നായിരുന്നു മുഖ്യമന്ത്രി അഭിപ്രായപ്പെട്ടത്.

Related Stories

Anweshanam
www.anweshanam.com