യുഎൻഎ അഴിമതി: ജാസ്മിൻ ഷായുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
Kerala

യുഎൻഎ അഴിമതി: ജാസ്മിൻ ഷായുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

അന്വേഷണ സംഘത്തിന് മുമ്പാകെ കീഴടങ്ങാൻ കോടതി പ്രതികൾക്ക് നിർദ്ദേശം നൽകി. 

By News Desk

Published on :

കൊച്ചി: യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ ഫണ്ട് തിരിമറിക്കേസിൽ ഭാരവാഹികളായ ജാസ്മിൻ ഷാ, ഷോബി ജോസഫ് എന്നിവർ ഉൾപ്പെടെ 4 പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. അന്വേഷണ സംഘത്തിന് മുമ്പാകെ കീഴടങ്ങാൻ കോടതി പ്രതികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ജാമ്യാപേക്ഷയെ ശക്തമായി എതിർത്തു. അതെസമയം, മറ്റ് മൂന്ന് പ്രതികൾക്ക് ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ചു. സംഘടനയുടെ ഫണ്ടിൽ നിന്നും 3 കോടി രൂപ വെട്ടിപ്പ് നടത്തി എന്ന പരാതിയിലാണ് ജാസ്മിൻ ഷാ ഉൾപ്പെടെ 7 പേരെ പ്രതികളാക്കി ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തത്. യുണൈറ്റഡ് നഴ്സസ് അസോസിയേഷനിലെ മുൻ ഭാരവാഹികളിൽ ഒരാളാണ് പരാതിക്കാരൻ.

യുണൈറ്റഡ് നഴ്സസ് അസോസിയേഷനെ തകർക്കാൻ വേണ്ടി കെട്ടിച്ചമച്ചതാണ് കേസെന്നും താൻ കുറ്റക്കാരനല്ലെന്ന് തൃശ്ശൂർ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ടെന്നും ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ ജാസ്മിൻ ഷാ വ്യക്തമാക്കിയിരുന്നു.

കേസിൽ ഒന്നാം പ്രതിയായ ജാസ്മിൻ ഷായും ഭാര്യയും ഇപ്പോഴും വിദേശത്ത് ഒളിവിൽ കഴിയുകയാണ്. നേരത്തെ ഇവരുടെ ജാമ്യാപേക്ഷ തൃശ്ശൂർ ജില്ലാ സെഷൻസ് കോടതിയും തള്ളിയിരുന്നു. ഗുരുതരമായ ആരോപണങ്ങൾ എഫ്ഐആറിലുള്ളതിനാൽ ജാമ്യം നൽകാനാവില്ലെന്നാണ് അന്ന് കോടതി ചൂണ്ടിക്കാട്ടിയത്.

Anweshanam
www.anweshanam.com