രഹ്ന ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ തടസ്സഹര്‍ജി ഫയല്‍ ചെയ്യുമെന്ന് സംസ്ഥാന സര്‍ക്കാര്‍

ജാമ്യാപേക്ഷയില്‍ വിധി പ്രസ്താവിക്കുന്നതിന് മുമ്പ് തങ്ങളുടെ വാദം കേള്‍ക്കണമെന്ന്‌ ആവശ്യപ്പെട്ടാണ് തടസ്സ ഹര്‍ജി ഫയല്‍ ചെയ്യുന്നത്.
രഹ്ന ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ തടസ്സഹര്‍ജി ഫയല്‍ ചെയ്യുമെന്ന് സംസ്ഥാന സര്‍ക്കാര്‍

ന്യൂഡല്‍ഹി: നഗ്നശരീരത്തില്‍ മക്കളെ കൊണ്ട് ചിത്രം വരപ്പിച്ച് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കണം എന്നാവശ്യപ്പെട്ട് രഹ്ന ഫാത്തിമ നല്‍കിയ ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാര്‍ തടസ്സ ഹര്‍ജി ഫയല്‍ ചെയ്യും. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പ്രസ്താവിക്കുന്നതിന് മുമ്പ് തങ്ങളുടെ വാദം കേള്‍ക്കണമെന്ന്‌ ആവശ്യപ്പെട്ടാണ് തടസ്സ ഹര്‍ജി ഫയല്‍ ചെയ്യുന്നത്. രഹ്ന ഫാത്തിമയുടെ ഹര്‍ജി സുപ്രീംകോടതി അടുത്ത ആഴ്ച പരിഗണിച്ചേക്കും.

പോക്സോ നിയമത്തിലെ 13,14,15 വകുപ്പുകള്‍ പ്രകാരവും, ഐ ടി ആക്ടിലെ 67 ബി (ഡി), ബാലനീതി നിയമത്തിലെ 75- ആം വകുപ്പ് പ്രകാരവും ആണ് രഹ്ന ഫാത്തിമയ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അതിനാല്‍ രഹ്ന ഫാത്തിമയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിക്കും.

നഗ്നശരീരത്തില്‍ മക്കളെ കൊണ്ട് ചിത്രം വരപ്പിച്ചത് ലൈംഗിക സുഖത്തിന് വേണ്ടിയാണോ എന്നറിയാന്‍ ചോദ്യം ചെയ്യല്‍ അനിവാര്യമാണെന്നാണ് അന്വേഷണ സംഘവുമായി ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥരുടെ നിലപാട്. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെയോ കലയുടെയോ പേരിലാണെങ്കിലും അമ്മ സ്വന്തം കുട്ടികളെ കൊണ്ട് ഇത്തരം കാര്യങ്ങള്‍ ചെയ്യാന്‍ അനുവദിക്കരുതെന്ന നിലപാട് ആണ് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സ്വീകരിച്ചത്.

അന്വേഷണവുമായി പൂര്‍ണ്ണമായും സഹകരിക്കുന്നതിനാല്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കണം എന്നാണ് സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ രഹ്ന ഫാത്തിമ ആവശ്യപ്പെടുന്നത്. ഭരണഘടന നിലവില്‍ വരുന്നതിനും മുന്‍പുള്ള ബ്രാഹ്മണ മേധാവിത്വ കാലഘട്ടത്തിലെ യാഥാസ്ഥിക ചിന്തകളെ അടിസ്ഥാനമാക്കി വര്‍ത്തമാന കാലത്ത് അശ്ലീലത നിശ്ചയിക്കുന്നത് നിര്‍ഭാഗ്യകരം ആണെന്നും അഭിഭാഷകന്‍ രഞ്ജിത്ത് മാരാര്‍ മുഖേനെ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ രഹ്ന ഫാത്തിമ വ്യക്തമാക്കിയിട്ടുണ്ട്.

Related Stories

Anweshanam
www.anweshanam.com