കാര്‍ഗോയില്‍ സ്വര്‍ണ്ണമുണ്ടെന്ന് തനിക്ക് അറിയില്ലായിരുന്നു: സ്വപ്ന

സ്വര്‍ണ്ണക്കടത്തില്‍ എന്‍.ഐ.എ, കസ്റ്റംസ് എന്നിവര്‍ പടച്ചുവിടുന്നത് വര്‍ണ്ണപ്പകിട്ടുള്ള നുണക്കഥയെന്നാണ് കൊച്ചി എന്‍.ഐ.എ. ജാമ്യാപേക്ഷയില്‍ സ്വപ്ന പറയുന്നത്.
കാര്‍ഗോയില്‍ സ്വര്‍ണ്ണമുണ്ടെന്ന് തനിക്ക് അറിയില്ലായിരുന്നു: സ്വപ്ന

കൊച്ചി: സ്വര്‍ണ്ണക്കടത്തില്‍ എന്‍.ഐ.എ, കസ്റ്റംസ് എന്നിവര്‍ പടച്ചുവിടുന്നത് വര്‍ണ്ണപ്പകിട്ടുള്ള നുണക്കഥയെന്നാണ് കൊച്ചി എന്‍.ഐ.എ. ജാമ്യാപേക്ഷയില്‍ സ്വപ്ന പറയുന്നത്. കസ്റ്റംസിലെത്തിയ കാര്‍ഗോ വിട്ടുകിട്ടാന്‍ വൈകിയപ്പോള്‍ യു. എ. ഇ കോണ്‍സുലേറ്റിലെ അറ്റാഷെ തന്നെ വിളിച്ച്‌ ഇതേക്കുറിച്ച്‌ അന്വേഷിക്കാന്‍ നിര്‍ദ്ദേശിച്ചു. ഇതിനെ തുടര്‍ന്നാണ് ജൂണ്‍ 30 ന് കസ്റ്റംസ് അസിസ്റ്റന്‍റ് കമ്മീഷണര്‍ രാമമൂര്‍ത്തിയെ വിളിക്കുന്നത്. കോവിഡ് 19 പ്രോട്ടോകോള്‍ ഉളളതുകൊണ്ടാണ് കാര്‍ഗോ വൈകുന്നതെന്ന് കമ്മീഷണര്‍ മറുപടിയും നല്‍കി. വിളിക്കുമ്ബോള്‍ കാര്‍ഗോയില്‍ സ്വര്‍ണ്ണമുണ്ടെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും സ്വപ്ന ജാമ്യാപേക്ഷയില്‍ പറയുന്നുണ്ട്. കസ്റ്റംസില്‍ സ്വാധീനം ചെലുത്തി ബാഗ് വിട്ടുകിട്ടാന്‍ ശ്രമിച്ചു എന്നാണ് തനിക്കെതിരെ മാധ്യമങ്ങള്‍ പറയുന്നത്. യഥാര്‍ത്ഥത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ രാഷ്ട്രീയ വിരോധത്തിന് തന്നെ 'ബലിയാടാ'ക്കുകയായിരുന്നുവെന്നും സ്വപ്ന ആരോപിക്കുന്നു.

അറബി, ഇംഗ്ലീഷ്, ഹിന്ദി, മലയാളം എന്നീ നാല് ഭാഷകള്‍ അറിയാവുന്നതുകൊണ്ടും വിദേശത്തെ ജോലി പരിചയം ഉള്ളതുകൊണ്ടുമാണ് യു.എ.ഇ. കോണ്‍സുലേറ്റ് ജനറലിന്‍്റെ സെക്രട്ടറിയായി ജോലി ലഭിച്ചതെന്നും സ്വപ്ന പറയുന്നു. യു.എ.പി.എ 15, 16, 17 വകുപ്പുകള്‍ പ്രകാരമാണ് തനിക്കെതിരെ എന്‍.ഐ.എ.കേസ് എടുത്തിരിക്കുന്നത്. പ്രഥമദൃഷ്ട്യാ തെളിവുണ്ടെങ്കില്‍ മാത്രമേ ഈ വകുപ്പ് അനുസരിച്ച്‌ കേസ് എടുക്കാന്‍ കഴിയൂ. എഫ്.ഐ.ആര്‍, റിമാന്‍്റ് റിപ്പോര്‍ട്ട് എന്നിവയില്‍ താന്‍ ചെയ്ത കുറ്റത്തെക്കുറിച്ച്‌ പരാമര്‍ശമില്ല.തീവ്രവാദത്തിന് രാജ്യത്തിന്‍്റെ കറന്‍സിയോ നാണയമോ ഉപയോഗിക്കുമ്ബോള്‍ മാത്രമേ യു.എ.പി.എ. അനുസരിച്ച്‌ കേസ് എടുക്കാന്‍ സാധിക്കൂ.

തീവ്രവാദത്തിനായി രൂപ അച്ചടിക്കല്‍, കടത്തല്‍, വിതരണം എന്നിവയാണ് യു.എ.പി.എ പതിനഞ്ചാം വകുപ്പില്‍ പറയുന്നത്. ഇതൊന്നും താന്‍ ചെയ്തിട്ടില്ല. തന്‍്റെ കൈയ്യില്‍ നിന്ന് കണ്ടെടുക്കുകയും ചെയ്തിട്ടില്ല. ബാഗേജ് തന്‍്റെ പേരില്‍ ആയിരുന്നില്ല.താന്‍ അല്ല ബാഗേജ് അയച്ചിട്ടുമില്ല. എന്നിട്ടും സാങ്കല്‍പ്പിക കഥയുടെയും ഊഹാപോഹങ്ങളുടെയും അടിസ്ഥാനത്തിലാണ് തനിക്കെതിരെ കേസ് കെട്ടിച്ചമച്ചതെന്നും സ്വപ്ന പറയുന്നു. ജാമ്യാപേക്ഷ 24 ന് പരിഗണിക്കും. അന്നു തന്നെ കസ്റ്റംസ് ഇവരെ കസ്റ്റഡിയിലെടുക്കാനും സാധ്യതയുണ്ട്.

Related Stories

Anweshanam
www.anweshanam.com