സ്വർണക്കടത്ത് കേസ്: മാധ്യമപ്രവർത്തകൻ അനിൽ നമ്പ്യാര്‍ക്ക് കസ്റ്റംസിന്‍റെ നോട്ടീസ്
Kerala

സ്വർണക്കടത്ത് കേസ്: മാധ്യമപ്രവർത്തകൻ അനിൽ നമ്പ്യാര്‍ക്ക് കസ്റ്റംസിന്‍റെ നോട്ടീസ്

വ്യാഴാഴ്ച കൊച്ചിയിലെ ഓഫീസി‌ൽ ഹാജരാകാനാണ് നോട്ടീസ്

News Desk

News Desk

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ നയന്ത്രബാഗ് വഴിയുള്ള സ്വർണകള്ളകടത്തു കേസുമായി ബന്ധപ്പെട്ട് ജനം ടിവി കോ-ഓര്‍ഡിനേറ്റിങ് എഡിറ്റര്‍ അനിൽ നമ്പ്യാര്‍ക്ക് കസ്റ്റംസിന്‍റെ നോട്ടീസ്. വ്യാഴാഴ്ച കൊച്ചിയിലെ ഓഫീസി‌ൽ ഹാജരാകാനാണ് നോട്ടീസ്. കസ്റ്റംസ് പിടിച്ച സ്വർണമടങ്ങിയ ബാഗ് പുറത്തിറക്കാൻ സഹായം നൽകിയോയെന്ന് അന്വേഷിക്കാനാണ് ചോദ്യം ചെയ്യലെന്നാണ് സൂചന.

കേസിലെ പ്രതി സ്വപ്ന സുരേഷുമായി സ്വർണം വന്ന ദിവസങ്ങളിൽ നിരന്തരമായി ഫോണ്‍ വിളിച്ചതിൻറെ പശ്ചാത്തലത്തിലാണ് കസ്റ്റംസ് നോട്ടീസ് അയച്ചിരിക്കുന്നത്. സ്വര്‍ണക്കടത്ത് പിടികൂടി മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതി സ്വപ്ന സുരേഷുമായി അനല്‍ നമ്ബ്യാര്‍ ഫോണില്‍ സംസാരിച്ചതിന്റെ രേഖകള്‍ നേരത്തേ പുറത്തുവന്നതാണ്. സ്വര്‍ണം കടത്തിയത് നയതന്ത്ര ബാഗേജിലല്ലെന്ന് പറയാന്‍ അനില്‍ നമ്ബ്യാര്‍ തന്നോട് നിര്‍ദേശിച്ചുവെന്ന് സ്വപ്ന മൊഴി നല്‍കിയിരുന്നു. മൂന്ന് പേജിലാണ് അനിലിന്റെ പേര് കസ്റ്റംസിന് നല്‍കിയ മൊഴിയില്‍ സ്വപ്ന പരാമര്‍ശിച്ചിട്ടുള്ളത്.

സ്വപ്നയെ വിളിച്ചവരുടെ ലിസ്റ്റില്‍ തന്റെ പേര് വന്നതോടെ നേരത്തേ വിശദീകരണവുമായി അനില്‍ രംഗത്തെത്തിയിരുന്നു. സ്വപ്നയുടെ കോള്‍ ലിസ്റ്റ് പ്രകാരം ജൂലൈ അഞ്ച് 12.42ന് അനില്‍ നമ്ബ്യാര്‍ സ്വപ്നയെ വിളിച്ചു 262 സെക്കന്റ് സംസാരിച്ചിട്ടുണ്ട്. വാര്‍ത്തയ്ക്കുവേണ്ടിയാണ് സ്വപ്നയെ വിളിച്ചതെന്നായിരുന്നു അനിലിന്റെ ന്യായീകരണം. എന്നാല്‍ സ്വര്‍ണം പിടിച്ച ദിവസം അത്തരമൊരു വാര്‍ത്ത ജനം ടിവിയില്‍ വന്നിട്ടേയില്ലെന്ന് തെളിഞ്ഞിരുന്നു.

അതേസമയം നയതന്ത്ര ബാഗിൽ സ്വർണം കടത്തിയ കേസിലെ പതിനഞ്ചു പ്രതികളുടെ റിമാൻഡ് കാലാവധി അടുത്ത മാസം എട്ടാം തീയതി വരെ നീട്ടി. സ്വപ്ന സുരേഷ്, സരിത്, സന്ദീപ് നായർ അടക്കമുളള പ്രതികളുടെ റിമാൻഡ് അണ് നീട്ടിയത്. കസ്റ്റംസ് രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. സാമ്പത്തിക കുറ്റകൃത്യങ്ങൾക്കുള്ള കൊച്ചിയിലെ പ്രത്യേക കോടതിയാണ് റിമാൻഡ് കാലാവധി നീട്ടിയത്.

Anweshanam
www.anweshanam.com