ജീവനക്കാരുടെ അശ്രദ്ധയിൽ കോവിഡ് രോഗികൾ മരിച്ചു; നഴ്സിംഗ് ഓഫീസറുടെ വെളിപ്പെടുത്തല്‍

സന്ദേശത്തിൻറെ നിജസ്ഥിതിയെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹൈബി ഈഡൻ എംപി മുഖ്യമന്ത്രിക്ക് കത്തു നല്‍കി.
ജീവനക്കാരുടെ അശ്രദ്ധയിൽ കോവിഡ് രോഗികൾ മരിച്ചു; നഴ്സിംഗ് ഓഫീസറുടെ വെളിപ്പെടുത്തല്‍

കൊച്ചി: കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെ കോവിഡ് വാർഡുകളിൽ ഗുരുതരാവസ്ഥയിൽ കഴിയുന്ന രോഗികളിൽ ചിലർക്ക് ജീവനക്കാരുടെ അശ്രദ്ധ മൂലം മരണം സംഭവിച്ചതായി നഴ്സിംഗ് ഓഫീസറുടെ വെളിപ്പെടുത്തൽ. കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെ നഴ്സിംഗ് ഓഫീസർ ജലജ ദേവിയുടെ പേരിലുള്ള സന്ദേശത്തിൻറെ ഭാഗമാണ് പുറത്ത് വന്നത്.

കേന്ദ്ര സംഘത്തിൻറെ സന്ദർശനവുമായി ബന്ധപ്പെട്ട് ആശുപത്രിയിൽ ഏർപ്പെടുത്തേണ്ട ക്രമീകരണങ്ങളെക്കുറിച്ച് ആർഎംഒ നഴ്സിംഗ് ഓഫീസറുടെയും ഹെഡ് നഴ്സുമാരുടെയും യോഗം വിളിച്ചിരുന്നു. ഇക്കാര്യങ്ങൾ ആശുപത്രി ജീവനക്കാരെ അറിയിക്കാനെന്ന പേരിലാണ് സന്ദേശം. നഴ്സുമാരുടെ അശ്രദ്ധകൊണ്ട് പലർക്കും മരണം സംഭവിക്കുന്നു എന്നാണ് സന്ദേശത്തിലുള്ളത്.

ഗുരുതരാവസ്ഥയിലുള്ള പല രോഗികളുടെയും ഓക്സിജൻ മാസ്ക്ക് കൃത്യമായല്ല ഘടിപ്പിച്ചിരിക്കുന്നതെന്ന് ഡോക്ടർമാർ നടത്തിയ പരിശോധനയിൽ കണ്ടെത്തിയതായി ജലജ ദേവി പറയുന്നു. ചിലരുടെ വെൻറിലേറ്റർ ട്യൂബുകളുടെയും അവസ്ഥ ഇതു തന്നെ. ഇക്കാര്യങ്ങൾ കണ്ടെത്തിയ ഡോക്ടർമാർ നഴ്സുമാരെ സഹായിക്കാൻ ഇതു വേണ്ട വിധത്തിൽ റിപ്പോർട്ട് ചെയ്യുന്നില്ല എന്നും സന്ദേശത്തിലുണ്ട്.

കോവിഡ് ചികിത്സ രംഗത്ത് ഏറെ പ്രശംസ പിടിച്ചു പറ്റിയ കളമശ്ശേരി മെഡിക്കൽ കോളേജിൽ നിന്നും ഇത്തരത്തിലൊരു സന്ദേശം വന്നത് ഏറെ ആശങ്കക്ക് ഇടയാക്കിയിട്ടുണ്ട്. സന്ദേശത്തിൻറെ നിജസ്ഥിതിയെക്കുറിച്ചും അതിൽ പറയുന്ന കാര്യങ്ങളെക്കുറിച്ചും അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഹൈബി ഈഡൻ എംപി മുഖ്യമന്ത്രിക്ക് കത്തു നല്‍കി.

Related Stories

Anweshanam
www.anweshanam.com