ഈ മാസം അവസാനത്തോടെ സംസ്ഥാനത്ത് കോവിഡ് കുറയുമെന്നു നിഗമനം

ഈ മാസം മധ്യത്തോടെ രോഗബാധ കുറയുമെന്നായിരുന്നു നേരത്തെ കണക്കാക്കിയിരുന്നത്.
ഈ മാസം അവസാനത്തോടെ സംസ്ഥാനത്ത് കോവിഡ് കുറയുമെന്നു നിഗമനം

തിരുവനന്തപുരം: ഈ മാസാവസാനത്തോടെ സംസ്ഥാനത്ത് കോവിഡ് ബാധ കുറഞ്ഞുതുടങ്ങുമെന്നാണ് നിഗമനം. നേരത്തേ ഈ മാസം മധ്യത്തോടെ രോഗബാധ കുറയുമെന്നായിരുന്നു കണക്കാക്കിയിരുന്നത്. ചികിത്സയിലുള്ളവരുടെ എണ്ണം 1.29 ലക്ഷം വരെ ഉയരുമെന്നും സർക്കാരിന്റെ ഊഹ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

മെഡിക്കൽ ഗവേഷണ കൗൺസിലിന്റെ നേതൃത്വത്തിൽ ഓഗസ്റ്റിൽ സംസ്ഥാനത്ത് നടത്തിയ ജനസംഖ്യാധിഷ്ഠിത രോഗവ്യാപന പഠനവിവരം ആരോഗ്യവകുപ്പ് പ്രസിദ്ധീകരിച്ചു. എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലകളിലാണ് കേരളത്തിൽ പഠനം നടത്തിയത്. 1281 പേരെയാണ് പരിശോധനയ്ക്കു വിധേയമാക്കിയത്. അതിൽ 11 ശതമാനം പേരിലാണ് (0.8 ശതമാനം) രോഗം വന്നുപോയതിന്റെ ലക്ഷണങ്ങൾ കണ്ടത്. നിലവിൽ രോഗബാധ കണ്ടെത്തിയവരെക്കാൾ പത്തിരട്ടിപ്പേർക്കെങ്കിലും രോഗം വന്നുപോയിട്ടുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.

മെഡിക്കൽ ഗവേഷണ കൗൺസിൽ മേയിൽ നടത്തിയ പഠനത്തെക്കാൾ ഓഗസ്റ്റിൽ രോഗവ്യാപനത്തോത് 2.4 ശതമാനം വർധിച്ചിട്ടുണ്ട്. എന്നാൽ, ദേശീയ ശരാശരിയെക്കാൾ താഴെയാണുതാനും. സംസ്ഥാനത്ത് നടത്തിയ പ്രതിരോധ പ്രവർത്തനങ്ങളുടെ ഫലമായാണ് നിരക്ക് കുറയ്ക്കാനായതെന്നാണു വിലയിരുത്തൽ.

നിലവിൽ 2.29 ലക്ഷം പേർക്ക് രോഗം ബാധിച്ചിട്ടുണ്ട്. 84,497 പേർ കഴിഞ്ഞദിവസംവരെ ചികിത്സയിലുമുണ്ട്. ഏറ്റവുമധികം പേർ ചികിത്സയിലുള്ളത് തിരുവനന്തപുരം ജില്ലയിലാണ്- 12,594. എറണാകുളത്ത് 10,487 പേരുണ്ട്‌.

സംസ്ഥാനത്തെ മൊത്തം രോഗികളിൽ 553 പേർ ഐസിയുവിലാണ്. 140 പേർക്ക് വെന്റിലേറ്റർ സഹായവും നൽകുന്നുണ്ട്. 62.84 ശതമാനമാണ് രോഗമുക്തി നിരക്ക്. മരണനിരക്ക് 0.36 ശതമാനമാണ്.

Related Stories

Anweshanam
www.anweshanam.com