
വിവാദങ്ങൾക്കും, ചര്‍ച്ചകള്‍ക്കൊടുവില്‍ കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം എല്‍ഡിഎഫില്‍ ചേര്‍ന്നു. പാലായിലെ ജോസ് കെ മാണിയുടെ വസതിയില്‍ ചേര്‍ന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിന് ശേഷമാണ് മുന്നണി പ്രവേശനം ജോസ് കെ മാണി പ്രഖ്യാപിച്ചത്.
തോമസ് ചാഴിക്കാടന്, റോഷി അഗസ്റ്റിന്, എന്‍ ജയരാജ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. പാലാ, കാഞ്ഞിരപ്പള്ളി സീറ്റുകളുടെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നതിനിടെയാണ് പ്രഖ്യാപനം.
ആത്മാഭിമാനം അടിയറവ് വച്ച് മുന്നോട്ടുപോകാന്‍ കഴിയില്ലെന്നും ജോസ് കെ മാണി പറഞ്ഞു. പി.ജെ.ജോസഫ് നീചമായ വ്യക്തിഹത്യ ചെയ്തു. 38 വര്‍ഷം യുഡിഎഫിന്റെ ഉയര്‍ച്ചയിലും താഴ്ച്ചയിലും കെ.എം.മാണി ഭാഗമായിരുന്നു. മാണിയുടെ രാഷ്ട്രീയത്തേയും ഒപ്പം നിന്നവരെയും യുഡിഎഫ് അപമാനിച്ചുവെന്നും ജോസ് കെ. മാണി പറഞ്ഞു.
‘ജനകീയ അടിത്തറയുള്ള കേരള കോണ്‍ഗ്രസിന് അവകാശപ്പെട്ടതാണ് ഈ സ്ഥാനം. എന്നാല്‍ രാഷ്ട്രീയമായും വ്യക്തിപരമായും ധാര്‍മ്മികത ഉയര്‍ത്തിപ്പിടിക്കണമെന്ന നിര്‍ബന്ധം എനിക്കുള്ളതിനാല് രാജ്യസഭാ അംഗത്വം രാജിവെക്കാന്‍ തീരുമാനിക്കുകയാണെന്നും ജോസ് കെ മാണി കൂട്ടിച്ചേർത്തു