മന്ത്രിസഭാ യോഗം ഇന്ന്; കോവിഡ് നിയന്ത്രണം ചർച്ച ചെയ്യും

മന്ത്രിസഭാ യോഗം ഇന്ന്; കോവിഡ് നിയന്ത്രണം ചർച്ച ചെയ്യും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പതിവ് മന്ത്രിസഭാ യോഗം ചേരും. കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യും. പ്രതിദിന രോഗ ബാധ ഇന്നലെ മുപ്പതിനായിരം പിന്നിട്ടതോടെ കൂടുതൽ നിയന്ത്രണങ്ങൾ നടപ്പാക്കുന്നതിനെ കുറിച്ച് തീരുമാനമുണ്ടാകും.

രോഗവ്യാപനം കൂടിയ കോഴിക്കോട്, എറണാകുളം, മലപ്പുറം, തൃശൂര്‍ ജില്ലകളില്‍ കൂടുതല്‍ നിയന്ത്രണങ്ങളെ കുറിച്ച്‌ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.ഈ ജില്ലകളില്‍ നിന്നുള്ള മന്ത്രിമാര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കണമെന്ന് മന്ത്രിസഭാ യോഗം തീരുമാനിക്കും.

റെയില്‍വേ സ്റ്റേഷനുകളിലും

വിമാനത്താവളത്തിലും പരിശോധന ശക്തമാക്കും. രോഗവ്യാപനം കൂടുന്ന സാഹചര്യത്തില്‍ ഓക്‌സിജന്‍ ലഭ്യത ഉറപ്പാക്കുന്നതിനായി കരുതല്‍ ശേഖരം വര്‍ധിപ്പിക്കും. വാക്‌സിന്‍ ക്ഷാമം നേരിടുന്നതിനിടെ സംസ്ഥാനത്ത് കഴിഞ്ഞ ദിവസം 2,20,000 ഡോസ് വാക്‌സിന്‍ കൂടിയെത്തി. തിരുവനന്തപുരം ജില്ലയില്‍ എത്തിയ വാക്‌സിന്‍ മറ്റു ജില്ലകളിലേക്കും എത്തിക്കും. 50 ലക്ഷം ഡോസ് വാക്‌സിന്‍ നല്‍കണം എന്നാണ് കേന്ദ്രത്തോട് സംസ്ഥാനം ആവശ്യപ്പെട്ടിരുന്നത്. 18 വയസിന് മുകളിലുള്ളവരുടെ വാക്‌സിനേഷന്‍ രജിസ്‌ട്രേഷന്‍ ഇന്നാരംഭിക്കും.

അതേസമയം, ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം ഈ സർക്കാരിന്റെ അവസാനത്തെ മന്ത്രിസഭാ യോഗം ആയേക്കും. ഞായറാഴ്ച തെരഞ്ഞെടുപ്പ് ഫലം വരുന്നത് കൊണ്ട് ഈ സര്‍ക്കാരിന്റെ കാലത്ത് ഇനി മന്ത്രിസഭാ യോഗം ഉണ്ടാകാന്‍ സാധ്യതയില്ല. മിക്ക മന്ത്രിമാരും ഈ തെരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടില്ല എന്നതിനാൽ പലർക്കും ഇത് വിടവാങ്ങൽ യോഗം കൂടിയാകും.

No stories found.
Anweshanam അന്വേഷണം
www.anweshanam.com