കായംകുളത്ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ കോണ്‍ഗ്രസ് നേതാവ് പിടിയില്‍
Kerala

കായംകുളത്ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ കോണ്‍ഗ്രസ് നേതാവ് പിടിയില്‍

കൊലപാതക വിവരം അറിഞ്ഞിട്ടും നിസാം മറച്ചുവെച്ചെന്നും പൊലീസ്

News Desk

News Desk

ആലപ്പുഴ: കായംകുളത്ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ കുത്തി കൊലപ്പെടുത്തിയ കേസില്‍ കോണ്‍ഗ്രസ് നേതാവ് പിടിയില്‍. കായംകുളം മുനിസിപ്പാലിറ്റിയിലെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ നിസാം കാവിലാണ് അറസ്റ്റിലായത്. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ സിയാദിനെ കൊലപ്പെടുത്തിയ ശേഷം മുഖ്യ പ്രതി മുജീബ് രക്ഷപ്പെട്ടത് നിസാമിന്റെ വാഹനത്തിലായിരുന്നു. കൊലപാതക വിവരം അറിഞ്ഞിട്ടും നിസാം മറച്ചുവെച്ചെന്നും പൊലീസ്.

കൊലപാതകത്തിന് പിന്നില്‍ നാലംഗ കൊട്ടേഷന്‍ സംഘമാണെന്ന് കായംകുളം പൊലീസ് ഇന്നലെ പറഞ്ഞിരുന്നു. രണ്ട് പേര്‍ ബൈക്കിലെത്തിയും, രണ്ട് പേര്‍ കാറിലുമായി വന്നാണു കൊലപാതകം നടത്തിയതെന്ന് നാട്ടുകാര്‍ പറയുന്നു. റോഡരികില്‍ സുഹൃത്തുക്കളുമായി സംസാരിച്ചു നിന്ന സിപിഎം നേതാവ് സിയാദിനെ (35) ബൈക്കിലെത്തിയ വെറ്റ മുജീബ് രണ്ട് തവണ കഠാരകൊണ്ട് കുത്തുകയായിരുന്നു.

മരണകാരണമെന്നാണ് പ്രാഥമിക വിവരം. കുത്തുകൊണ്ട് നിലത്തുവീണ സിയാദിനെ നാട്ടുകാരും സുഹൃത്തുക്കളും ഉടനടി കായംകുളം ഗവ. താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല, തുടര്‍ന്ന് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക് പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുപോയി. കായംകുളം പൊലീസ് മേല്‍നടപടി സ്വീകരിച്ചു പോസ്റ്റ് മാര്‍ട്ടത്തിന് ശേഷം ആറ് മണിയോടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. പുത്തന്‍ തെരുവു ജമാഅത്തില്‍ ഖബറടക്കം നടത്തി.

വിവിധയിടങ്ങളിലായി 25ലധികം കേസുകളില്‍ പ്രതിയാണു വെറ്റ മുജീബ്. ജയില്‍ മോചിതനായി കഴിഞ്ഞ നാല് മാസമായി നാട്ടില്‍ കഴിയുകയായിരുന്നു ഇയാള്‍. മുജീബിനോടപ്പം നാലംഗ സംഘത്തില്‍ ഉണ്ടായിരുന്ന ഫൈസലിനെ പൊലീസ് സംഘം അറസ്റ്റ് ചെയ്തിരുന്നു.

Anweshanam
www.anweshanam.com