നവജാതശിശുവിനെ കഴുത്തിൽ ഇയർഫോൺ മുറുക്കി കൊന്നത് അമ്മ; പ്രസവിച്ച വിവരം ഭർത്താവ് പോലും അറിഞ്ഞില്ല

ഇവരുടെ അറസ്റ്റ് ഇന്നോ നാളെയോ ഉണ്ടാകുമെന്നും പൊലീസ് പറയുന്നു
നവജാതശിശുവിനെ കഴുത്തിൽ ഇയർഫോൺ മുറുക്കി കൊന്നത് അമ്മ; പ്രസവിച്ച വിവരം ഭർത്താവ് പോലും അറിഞ്ഞില്ല

കാസർഗോഡ്: ജില്ലയിലെ ചെടേക്കാലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ നവജാത ശിശുവിന്റേത് കൊലപാതകമെന്ന് തെളിഞ്ഞു. കുട്ടിയെ കൊന്നത് അമ്മ തന്നെയാണെന്നാണ് പൊലീസ് അറിയിക്കുന്നത്.ജനിച്ചയുടന്‍ ഇയര്‍ഫോണ്‍ കഴുത്തില്‍ മുറുക്കി കുഞ്ഞിനെ കൊലപ്പെടുത്തുകയായിരുന്നു.

കഴുത്തില്‍ ഏതെങ്കിലും രീതിയിലുള്ള ചെറിയ വയര്‍ കഴുത്തില്‍ കുരുങ്ങിയാണ് കുട്ടി മരിച്ചതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായതോടെ അമ്മയെ ചോദ്യം ചെയ്യുകയായിരുന്നു. ഇതോടെയാണ് കൊലപാതകമെന്ന നിഗമനത്തില്‍ പൊലീസ് എത്തിച്ചേര്‍ന്നത്. പ്രതിക്ക് ഭര്‍ത്താവിനോടുള്ള വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നും ഇവരുടെ അറസ്റ്റ് ഇന്നോ നാളെയോ ഉണ്ടാകുമെന്നും പൊലീസ് പറയുന്നു

രക്ത സ്രാവമുണ്ടായതിനെ തുടര്‍ന്നാണ് യുവതിയെ ആദ്യം ചെങ്കളയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. പരിശോധനയില്‍ ദിവസങ്ങള്‍ക്ക് മുൻപ് ഇവരുടെ പ്രസവം കഴിഞ്ഞിരുന്നുവെന്ന് മനസിലായി. ഡോക്ടറില്‍ നിന്നാണ് ഭര്‍ത്താവ് പോലും ഭാര്യയുടെ പ്രസവവിവരം അറിയുന്നത്.

ഇയാള്‍ വീട്ടിലെത്തി നടത്തിയ തിരച്ചിലില്‍ കുഞ്ഞിന്റെ മൃതദേഹം തുണിയില്‍ പൊതിഞ്ഞ നിലയില്‍ കട്ടിലിനടിയില്‍ നിന്നും കണ്ടെത്തി. തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തിലാണ് കുഞ്ഞിന്റേത് കൊലപാതകമെന്ന് തെളിഞ്ഞത്. കുഞ്ഞിനെ ഇയര്‍ഫോണുപയോഗിച്ച്‌ ഉപദ്രവിച്ചിരുന്നുവെന്ന് അമ്മ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com