കരിപ്പൂര്‍ വിമാനാപകടം: അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം
Kerala

കരിപ്പൂര്‍ വിമാനാപകടം: അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം

തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീനോട് അടിയന്തരമായി സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു

News Desk

News Desk

തിരുവനന്തപുരം: കോഴിക്കോട് കരിപ്പൂര്‍ വിമാനാപകടത്തില്‍ അടിയന്തര രക്ഷാ നടപടികള്‍ കെക്കൊള്ളാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീനോട് അടിയന്തരമായി സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു. അദ്ദേഹം തൃശൂരില്‍ നിന്ന് കരിപ്പൂരിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

ഐജിയുടെ നേതൃത്വത്തിലുള്ള പൊലീസ് സന്നാഹവും രണ്ട് ജില്ലകളിലെ ഫയർ ആൻഡ് റെസ്ക്യൂ ടീമും രക്ഷാ പ്രവർത്തനങ്ങളിൽ പങ്കാളികളാവുന്നുണ്ട്. ആവശ്യമായ ആരോഗ്യ സംവിധാനവും സജ്ജമാക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. ദുരന്തനിവാരണത്തിന് സംസ്ഥാന സർക്കാരിന്റെ എല്ലാ സംവിധാനങ്ങളും ഉപയോഗിക്കണമെന്ന് നിർദ്ദേശിച്ചു. മരണങ്ങളിൽ മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി.

രാത്രി 7.38 ഓടെയാണ് അപകടം നടന്നത്. ദുബൈയിൽ നിന്നെത്തിയ എയർ ഇന്ത്യ എക്സ്പ്രസിന്റെ 1344 നമ്പർ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി 30-50 അടിയോളം താഴ്ചയിലേക്ക് വീണു. വിമാനം രണ്ടായി പിളർന്നുപോയി. 167 യാത്രക്കാരും ഏഴ് ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. വിമാനത്തിന്റെ ക്യാപ്റ്റൻ ദീപക് വസന്ത് സാഥേയടക്കം രണ്ട് പേർ മരിച്ചതായാണ് വിവരം.

Anweshanam
www.anweshanam.com