മുന്നാക്ക സംവരണം; സർക്കാർ നടത്തിയത് വൻചതിയെന്ന് കാന്തപുരം വിഭാഗം

ഇടതുപക്ഷത്തേയും സർക്കാരിനേയും ആശങ്കയിലാഴ്ത്തുന്നു.
മുന്നാക്ക സംവരണം; സർക്കാർ നടത്തിയത് വൻചതിയെന്ന് കാന്തപുരം വിഭാഗം

കോഴിക്കോട്: മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് സർക്കാർ സർവ്വീസുകളിൽ പത്ത് ശതമാനം സംവരണം അനുവദിച്ചതിനെതിരെ രൂക്ഷവിമർശനവുമായി കാന്തപുരം എപി വിഭാഗം. എപി വിഭാഗം മുസ്ലീങ്ങളുടെ മുഖപത്രമായ സിറാജ് പത്രമാണ് മുന്നോക്ക സംവരണത്തിനെതിരെ രൂക്ഷമായി രംഗത്തു വന്നത്.

രാഷ്ട്രീയലക്ഷ്യത്തോടെ വൻചതിയാണ് സംവരണത്തിൻ്റെ പേരിൽ സർക്കാർ നടത്തിയതെന്ന് സിറാജ് വിമർശിക്കുന്നു. സംവരണവിഭാഗങ്ങളെ സർക്കാർ അപമാനിക്കുകയാണെന്നും എപി വിഭാഗം മുഖപത്രം ആരോപിക്കുന്നു. സാമ്പത്തിക അവശത ചൂണ്ടിക്കാട്ടി സംവരണത്തിന്റെ അടിസ്ഥാന തത്വം അട്ടിമറിച്ചാണ് സംസ്ഥാന സർക്കാർ സംവരണം നടപ്പിലാക്കിയതെന്നും, മുന്നാക്ക സംവരണത്തിൽ നഷ്ടം സംഭവിക്കുന്നത് നിലവിലെ സംവരണ വിഭാഗങ്ങള്‍ക്ക് തന്നെയാണെന്ന് കണക്കുകളിൽ നിന്നും വ്യക്തമാകുന്നുണ്ടെന്നും ഇന്നലെ സിറാജിൽ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തില്‍ ചൂണ്ടിക്കാണിച്ചിരുന്നു.

ആരുടേയും സംവരണാനുകൂല്യങ്ങൾ എടുത്തല്ല മുന്നാക്ക വിഭാഗത്തിന് സംവരണം നൽകുന്നതെന്ന് ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നുവെങ്കിലും സംവരണത്തിൽ സാമുദായിക സംഘടനകൾക്കിടയിൽ കാര്യമായ അതൃപ്തിയുണ്ടെന്നത് സർക്കാരിന് തലവേദനയായി മാറും എന്നുറപ്പാണ്. ഇടതുപക്ഷത്തോട് അനുഭാവം കാണിക്കുന്ന എപി വിഭാഗം സംവരണ വിഷയത്തിൽ സർക്കാരിനെതിരെ തിരിഞ്ഞത് ഇടതുപക്ഷത്തേയും സർക്കാരിനേയും ആശങ്കയിലാഴ്ത്തുന്ന കാര്യമാണ്.

Related Stories

Anweshanam
www.anweshanam.com