കഞ്ചിക്കോട് പെപ്സി യൂണിറ്റ് പൂട്ടാന്‍ തീരുമാനം; പ്രതിഷേധവുമായി തൊഴിലാളികള്‍

അടുത്ത ദിവസം മുതൽ സമരത്തിനിറങ്ങാനാണ് തൊഴിലാളികളുടെ തീരുമാനം.
കഞ്ചിക്കോട് പെപ്സി യൂണിറ്റ് പൂട്ടാന്‍ തീരുമാനം; പ്രതിഷേധവുമായി തൊഴിലാളികള്‍

പാലക്കാട്: പാലക്കാട്ടെ പെപ്സി യൂണിറ്റ് പൂട്ടാൻ നടത്തിപ്പുകാരായ വരുൺ ബിവറേജസ് തീരുമാനിച്ചതോടെ തൊഴിലാളികളുടെ പ്രതിഷേധം ശക്തമാകുന്നു. തൊഴിൽ നഷ്ടമാകുന്നവരുടെ പുനരധിവാസം ഉൾപ്പെടെ ഉറപ്പുവരുത്താൻ സർക്കാർ ഇടപെടലാണ് ഇവർ ആവശ്യപ്പെടുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് അടുത്ത ദിവസം മുതൽ സമരത്തിനിറങ്ങാനാണ് തൊഴിലാളികളുടെ തീരുമാനം.

20 വർഷത്തിലേറെയായി കഞ്ചിക്കോട് പ്രവർത്തിക്കുന്ന പെപ്സി യൂണിറ്റിൽ 112 സ്ഥിരം ജീവനക്കാരും അഞ്ഞൂറിനടുത്ത് താത്ക്കാലിക ജീവനക്കാരുമുണ്ട്. കമ്പനി പൂർണമായി പൂട്ടുമ്പോൾ, പരിഹരിക്കപ്പെടുന്നത് സ്ഥിരം ജീവനക്കാരുടെ നഷ്ടപരിഹാരം മാത്രമാണ്. കോവിഡ് കാലത്ത് ജോലിയും കൂലിയും ഇല്ലാതിരിക്കുമ്പോഴാണ് കഞ്ചിക്കോട് വ്യവസായ മേഖലയിലെ ഒരു കമ്പനിക്ക് കൂടി പൂട്ട് വീഴുന്നത്.

വേതന കരാർ പുതുക്കണമെന്നാശ്യപ്പെട്ട് ഫെബ്രുവരിയിൽ കരാർ ജോലിക്കാർ കമ്പനിക്ക് നോട്ടീസ് നൽകിയിരുന്നു. ഇത് നിരാകരിച്ചെങ്കിലും കോവിഡ് പ്രതിസന്ധിക്കിടെ സമരത്തിൽ നിന്ന് തൊഴിലാളികൾ പിന്മാറി. തുടർന്ന് മാർച്ച് 22 മുതൽ കമ്പനി ലോക് ഔട്ടിലായി.

തൊഴിൽ- വ്യവസായ വകുപ്പിന്റെ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് അടുത്ത ദിവസം സംയുക്ത ട്രേഡ് യൂണിയൻ സമരപരിപാടികളും നടത്തുന്നുണ്ട്. കേരളത്തിലെ പ്രധാന വ്യവസായ മേഖലയിൽ നിന്ന് ഒരു കമ്പനി പിൻവാങ്ങുന്നതിനെ ഗൗരവമായി സമീപിക്കണമെന്നാണ് വ്യവസായ സമൂഹത്തിന്റെ ആവശ്യം.

Related Stories

Anweshanam അന്വേഷണം
www.anweshanam.com