ജോസ് കെ മാണി വിഭാഗത്തിന്റെ വെന്റിലേറ്ററാകേണ്ട കാര്യം എൽഡിഎഫിന് ഇല്ല: കാനം രാജേന്ദ്രൻ
Kerala

ജോസ് കെ മാണി വിഭാഗത്തിന്റെ വെന്റിലേറ്ററാകേണ്ട കാര്യം എൽഡിഎഫിന് ഇല്ല: കാനം രാജേന്ദ്രൻ

ജോസ് കെ മാണി വിഭാഗത്തെ എല്‍ഡിഎഫില്‍ എടുക്കുന്നതിനെ കുറിച്ച് ആലോചിച്ചിട്ടില്ല. ആരെങ്കിലും ഓടി വന്ന് മുന്നണിയില്‍ ചേരണമെന്ന് പറഞ്ഞാല്‍ ഏറ്റെടുക്കാനാവില്ല.

News Desk

News Desk

തിരുവനന്തപുരം: യുഡിഎഫില്‍ നിന്ന് പുറത്താക്കിയ കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തെ എല്‍ഡിഎഫില്‍ എടുക്കുന്നതിനെ കുറിച്ച് ആലോചിച്ചിട്ടില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ആരെങ്കിലും ഓടി വന്ന് മുന്നണിയില്‍ ചേരണമെന്ന് പറഞ്ഞാല്‍ ഏറ്റെടുക്കാനാവില്ലെന്നും കാനം രാജേന്ദ്രന്‍ വ്യക്തമാക്കി. ജോസ് വിഭാഗത്തിന്റെ വെന്റിലേറ്ററായി പ്രവര്‍ത്തിക്കേണ്ട ബാധ്യതയില്ലെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

ഈ വിഷയവുമായി ബന്ധപ്പെട്ട ഇപ്പോൾ പ്രതികരിക്കില്ല. എല്‍ഡിഎഫ് നയങ്ങളുടെയും പരിപാടിയുടെയും അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന മുന്നണിയാണ്. എല്ലാ പാര്‍ട്ടികളും കൂടിയാലോചിച്ചാണ് ഇടതുമുന്നണിയിലേക്ക് ആരെങ്കിലും വരുന്നത്. യുഡിഎഫുമായി വളരെയധികം വ്യത്യാസമുണ്ട്. യുഡിഎഫ് ദുര്‍ബലപ്പെടുമ്പോൾ ഏതെങ്കിലും ഒരു വിഭാഗത്തെ സഹായിക്കേണ്ട ബാധ്യത ഞങ്ങള്‍ക്കില്ല- കാനം രാജേന്ദ്രന്‍ വ്യക്തമാക്കി.

ജോസ് വിഭാഗത്തെ എവിടെയെങ്കിലും ചേര്‍ക്കേണ്ട ബാധ്യത ഞങ്ങള്‍ക്കില്ല. എല്‍ഡിഎഫില്‍ ഒരു വിഭാഗീയതയും ഉണ്ടായിട്ടില്ല. യുഡിഎഫിലാണ് വിള്ളലുണ്ടായത്. ഇക്കാര്യത്തില്‍ സിപിഐ നേരത്തെ നിലപാടെടുത്തിട്ടുണ്ട്. അതില്‍ മാറ്റമില്ല. എല്‍ഡിഎഫിലും മാറ്റമുണ്ടായിട്ടില്ല. കാത്തിരുന്ന് കാണാം- കാനം കൂട്ടിച്ചേർത്തു.

അതേസമയം, ആരെങ്കിലും ആരെയെങ്കിലും സഹായിക്കട്ടെയെന്നായിരുന്നു ജോസ് കെ മാണിയെ എന്‍ഡിഎ സ്വാഗതം ചെയ്തതിനോട് കാനത്തിന്റെ പ്രതികരണം.

Anweshanam
www.anweshanam.com