കല്ലൂരാവി കൊലപാതകം: കസ്റ്റഡിയിലുള്ള രണ്ട് പ്രതികളുടെ അറസ്റ്റ് ഇന്ന്

കല്ലൂരാവി കൊലപാതകം: കസ്റ്റഡിയിലുള്ള രണ്ട് പ്രതികളുടെ അറസ്റ്റ് ഇന്ന്

കാസര്‍ഗോഡ്: കാഞ്ഞങ്ങാട് കല്ലൂരാവിയിലെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ അബ്ദുള്‍ റഹ്മാന്റെ കൊലപാതക കേസില്‍ കസ്റ്റഡിയിലുള്ള രണ്ട് പ്രതികളുടെ അറസ്റ്റ് ഇന്ന് ഉണ്ടാകും. എംഎസ്എഫ് നേതാവ് ഹസന്‍, യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ ആഷിര്‍ എന്നിവരുടെ അറസ്റ്റാണ് ഇന്ന് രേഖപ്പെടുത്തുക.

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി ഇര്‍ഷാദിനൊപ്പം കൃത്യത്തില്‍ പങ്കെടുത്തവരാണ് ഹസനും ആഷിറും. സംഭവത്തില്‍ ഇരുവരും നേരിട്ട് പങ്കാളികളാണെന്നാണ് പൊലീസ് കണ്ടെത്തല്‍. ഇന്നലെ ഉച്ചയോടെ കസ്റ്റഡിയിലെടുത്ത ഇരുവരെയും കാഞ്ഞങ്ങാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം വിശദമായി ചോദ്യം ചെയ്തിരുന്നു.

കൊലപാതകം സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ ഇവരില്‍ നിന്ന് പൊലീസിന് ലഭിച്ചതിനെ തുടര്‍ന്നാണ് മുഖ്യപ്രതിയായ ഇര്‍ഷാദിന്റെ അറസ്റ്റ് ഇന്നലെ തന്നെ രേഖപ്പെടുത്തിയത്.

ക്രൈംബ്രാഞ്ച് സംഘം അന്വേഷണം ഏറ്റെടുക്കുന്നതോടെ കൊലയ്ക്ക് ഉപയോഗിച്ച കത്തിയുള്‍പ്പടെയുളള തൊണ്ടി മുതലുകള്‍ കണ്ടെത്തുക നിര്‍ണായകമാണ്. ശാരീരിക അസ്വാസ്ഥ്യം കാരണം ചികിത്സയിലുള്ള ഇര്‍ഷാദ് സുഖം പ്രാപിച്ചാല്‍ മാത്രമേ ഇതിനുള്ള നടപടികള്‍ സാധ്യമാകൂ.

Related Stories

Anweshanam അന്വേഷണം
www.anweshanam.com