
കൊച്ചി: കളമശേരി മെഡിക്കൽ കോളേജിൽ കോവിഡ് രോഗികളെ പരിചരിക്കുന്നതിൽ അനാസ്ഥ സംഭവിച്ചെന്ന ആരോപണവുമായി ബന്ധപ്പെട്ട് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ അടിയന്തിര യോഗം വിളിച്ചു. നോഡൽ ഓഫീസർമാരും നഴ്സിങ് ഓഫിസർമാരും ഹെഡ് നഴ്സുമാരും പങ്കെടുക്കും.
സംഭവത്തിൽ ആശുപത്രിയ്ക്ക് വീഴ്ച പറ്റിയിട്ടില്ലെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ട്. പുതിയ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ വിശദമായ റിപ്പോർട്ട് നൽകാനാണ് ഡിഎംഇയുടെ നിർദേശം. ആശുപത്രിയിൽ ജോലി ചെയ്യുന്ന ഡോ നജ്മ ആശുപത്രി അധികൃതരോട് പരാതി പറയാതെ പുറത്ത് പറഞ്ഞത് എന്തിനെന്നും അന്വേഷിക്കും.
നഴ്സിങ് ഓഫീസർ അവരുടെ സഹപ്രവർത്തകരുടെ ഗ്രൂപ്പിൽ ഇട്ട ഓഡിയോ സന്ദേശം എങ്ങനെ പുറത്തായെന്നും അന്വേഷിക്കും. അതേസമയം, കോവിഡ് ചികിത്സയിൽ ഇരിക്കെ നേരത്തെ മരിച്ചവരുടെ ബന്ധുക്കൾ പരാതിയുമായെത്തിയിട്ടുണ്ട്. ഹാരിസ് മരിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. ഇതിന്റെ ഭാഗമായി മരിച്ച ഹാരിസിന്റെ ബന്ധുക്കളുടെയും, മരണസമയത്ത് മെഡിക്കൽ കോളേജിലെ ഐസിയുവിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരുടെയും മൊഴി പൊലീസ് രേഖപ്പെടുത്തും.
സംഭവത്തിൽ മെഡിക്കൽ കോളേജിന്റെ വാദം തള്ളി മരിച്ച ഹാരിസിന്റെ കുടുംബം രംഗത്ത് വന്നിരുന്നു. മരണം ജീവനക്കാരുടെ അനാസ്ഥ കാരണമല്ലെന്ന വാദമാണ് തള്ളിയത്. മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഉള്ളതായി ഹാരിസോ ചികിത്സിച്ചിരുന്ന ഡോക്ടർമാരോ പറഞ്ഞിരുന്നില്ല. ആരെയോ രക്ഷപെടുത്താനാണ് മെഡിക്കൽ കോളേജ് അധികൃതരുടെ നീക്കമെന്നും കുടുംബം കുറ്റപ്പെടുത്തി.