കഴമ്പില്ലാത്ത ആക്ഷേപങ്ങള്‍ ആവര്‍ത്തിച്ച്‌ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: കടകംപള്ളി
Kerala

കഴമ്പില്ലാത്ത ആക്ഷേപങ്ങള്‍ ആവര്‍ത്തിച്ച്‌ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: കടകംപള്ളി

സര്‍ക്കാറിനെതിരെയുള്ള നുണപ്രചരണങ്ങള്‍ ആവര്‍ത്തിച്ച്‌ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണ് കോണ്‍ഗ്രസും ബിജെപിയുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.

News Desk

News Desk

തിരുവനന്തപുരം: പിണറായി സര്‍ക്കാറിനെതിരെയുള്ള നുണപ്രചരണങ്ങള്‍ ആവര്‍ത്തിച്ച്‌ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണ് കോണ്‍ഗ്രസും ബിജെപിയുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. വളരെ മെച്ചപ്പെട്ട ഭരണമാണ് കേരളത്തിലെ സര്‍ക്കാര്‍ കാഴ്ചവെച്ചത്. സമീപകാലത്തുണ്ടായ സര്‍ക്കാരുകളേക്കാളും നവകേരളത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കാന്‍ സര്‍ക്കാരിന് സാധിച്ചു.

കാര്‍ഷികം, ടൂറിസം, സഹകരണം, വൈദ്യുതി തുടങ്ങി എല്ലാമേഖലകളിലും ഈ ഭരണനേട്ടങ്ങള്‍ കാണാം. എന്നാല്‍ ഈ അടുത്തുവന്ന സ്വര്‍ണക്കള്ളക്കടത്ത് കേസ് കേരളത്തിലെ സര്‍ക്കാരിനെതിരെ തിരിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ പലഭാഗത്ത് നിന്നും നടന്നുകൊണ്ടിരിക്കുന്നത് കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

ഒന്നരമാസത്തോളമായി എല്ലാദിവസവും യുഡിഎഫ് നേതാക്കള്‍ പത്രസമ്മേളനം വിളിച്ച്‌ കള്ളപ്രചരണം നടത്തുന്നു. ഒരു നുണ നൂറുതവണ ആവര്‍ത്തിച്ചാല്‍ സത്യമാവുമെന്ന തന്ത്രമാണ് പ്രതിപക്ഷം പയറ്റുന്നത് . അത് ഫാസിസ്റ്റുകളുടെ നയമാണ്. സര്‍ക്കാരിനെ അടച്ചാക്ഷേപിക്കുകയാണ് പ്രതിപക്ഷം.. ജനങ്ങളുടെ ക്ഷേമം മാത്രം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിനെ ചെളിവാരിയെറിയുകയാണ് യുഡിഎഫും ബിജെപിയും സയാമീസ് ഇരട്ടകളെപ്പോലെ ചെയ്യുന്നതെന്നും കടകംപള്ളി സുരേന്ദ്രന്‍ ആരോപിച്ചു.

മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനും സ്വര്‍ണക്കളളക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിനും തമ്മിലുള്ള ബന്ധത്തെ ചൂണ്ടിക്കാട്ടിക്കൊണ്ടാണ് മുഖ്യമന്ത്രിയേയും അദ്ദേഹത്തിന്റെ ഓഫീസിനേയും അപവാദപ്രചരണത്തിന് ഉപയോഗിക്കുന്നത്. കഴമ്പില്ലാത്ത ആക്ഷേപങ്ങള്‍ ആവര്‍ത്തിച്ച്‌ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു. മുഖ്യമന്ത്രിയേയും അദ്ദേഹത്തിന്റെ ഓഫീസിനേയും അപവാദപ്പെടുത്താനുളള ശ്രമങ്ങള്‍ ജനങ്ങള്‍ തിരിച്ചറിയുമെന്നും കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി.

Anweshanam
www.anweshanam.com