കാട്ടായിക്കോണത്തെ സംഘര്‍ഷം; പൊലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി കടകംപള്ളി

കാട്ടായിക്കോണത്തെ സംഘര്‍ഷം; പൊലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി കടകംപള്ളി

ബിജെപിയേയോ കേന്ദ്ര നിരീക്ഷകനെയോ സന്തോഷിപ്പിക്കാന്‍ വേണ്ടിയാണ് പോലീസ് പെരുമാറിയതെന്നും അദ്ദേഹം ആരോപിച്ചു

തിരുവനന്തപുരം: കാട്ടായിക്കോണത്തെ സംഘര്‍ഷ അവസ്ഥയില്‍ പോലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. പോലീസ് അന്യായം കാണിച്ചുവെന്നാണ് മനസിലാക്കാന്‍ കഴിയുന്നത്. ബിജെപിയേയോ കേന്ദ്ര നിരീക്ഷകനെയോ സന്തോഷിപ്പിക്കാന്‍ വേണ്ടിയാണ് പോലീസ് പെരുമാറിയതെന്നും അദ്ദേഹം ആരോപിച്ചു.

'കാട്ടായിക്കോണത്ത് സംഘര്‍ഷമുണ്ടാക്കാന്‍ ബിജെപി നേരത്തെതന്നെ പദ്ധതിയിട്ടിരുന്നു. അക്രമികള്‍ക്കെതിരേ നടപടി സ്വീകരിക്കുന്നതിന് പകരം പോലീസ് നാട്ടുകാരെയാണ് കൈകാര്യം ചെയ്തത്. കൗണ്‍സിലറെയും ഗ്രാമപഞ്ചായത്ത് മെമ്പറെയും ഡിവൈഎഫ്ഐ നേതാക്കളെയും തന്റെ പി.എയേയും അക്രമിച്ചു. ഇതേക്കുറിച്ച് അന്വേഷിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോടും ഡിജിപിയോടും ആവശ്യപ്പെടും. വോട്ടിങ് തടസപ്പെടുത്താനാണ് ബിജെപി ശ്രമിക്കുന്നത്', മന്ത്രി ആരോപിച്ചു.

കാട്ടായിക്കോണത്ത് രാവിലെ സിപിഎം ബിജെപി പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിന്‍റെ തുടർച്ചയായാണ് വൈകുന്നേരവും സംഘർഷത്തിലേക്ക് നയിച്ചത്. കാറിലെത്തിയ ബിജെപി പ്രവര്‍ത്തകര്‍ സിപിഎം പ്രവര്‍ത്തകരെ ആക്രമിച്ചു. ആക്രമണത്തില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. സിപിഎം പ്രവര്‍ത്തകര്‍ സഞ്ചരിച്ച വാഹനവും അക്രമികള്‍ തല്ലിത്തകര്‍ത്തു. വാഹനം മാറ്റാനുളള പൊലിസീന്റെ ശ്രമം സിപിഎം പ്രവർത്തകർ തടഞ്ഞു. മന്ത്രിയും കഴക്കൂട്ടം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ കടകംപള്ളി സുരേന്ദ്രൻ സ്ഥലം സന്ദര്‍ശിച്ചു. അക്രമികളെ പിടികൂടാതെ പ്രദേശവാസികളെയാണ് പൊലീസ് കസ്റ്റഡിയെലെടുത്തതെന്നും അദ്ദേഹം ആരോപിച്ചു. പ്രദേശത്ത് സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തില്‍ സ്ഥലത്ത് വൻ പൊലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്.

ബൂത്ത് ഏജന്റുമാരെ സിപിഎം പ്രവർത്തകർ ആക്രമിച്ചെന്ന് ബിജെപി പരാതി നൽകിയിരുന്നു. രാവിലെ ബൂത്ത് ഏജന്റുമാരായ സ്ത്രീകളെ അടക്കം ആക്രമിച്ചെന്നും ഒരാൾക്ക് പരിക്കേറ്റെന്നുമാണ് ബിജെപി ആരോപിച്ചത്. തുടർന്ന് പോത്തൻകോട് പൊലീസ് സ്ഥലത്തെത്തി സ്ഥിതി ശാന്തമാക്കുകയായിരുന്നു. ബിജെപിയുടെ പ്രധാനനേതാക്കൾ സ്ഥലത്തേക്ക് എത്തിയിരുന്നു. കഴക്കൂട്ടം ബിജെപി സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രൻ സ്ഥലത്തെത്തിയിരുന്നു. തൃശൂരിൽ വോട്ട് ചെയ്യാൻ പോകുന്നത് റദ്ദാക്കിയാണ് ശോഭാ സുരേന്ദ്രൻ സംഭവ സ്ഥലത്തെത്തിയത്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com