ശോഭ സുരേന്ദ്രന്‍ അടക്കമുള്ള നേതാക്കൾക്കെതിരെ അച്ചടക്ക നടപടിക്കൊരുങ്ങി കെ സുരേന്ദ്രൻ

ശോഭ സുരേന്ദ്രനെ അനുകൂലിക്കുന്ന പി എം വേലായുധന്‍, ജെ ആര്‍ പത്മകുമാര്‍ അടക്കമുള്ള നേതാക്കള്‍ പ്രചരണങ്ങളില്‍ സജീവമായിരുന്നില്ല
ശോഭ  സുരേന്ദ്രന്‍ അടക്കമുള്ള നേതാക്കൾക്കെതിരെ അച്ചടക്ക നടപടിക്കൊരുങ്ങി കെ സുരേന്ദ്രൻ

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചരണത്തിന് വിട്ട് നിന്ന നേതാക്കള്‍ക്കെതിരെ അച്ചടക്കനടപടിക്കൊരുങ്ങി കെ സുരേന്ദ്രന്‍. ചിലരെല്ലാം പ്രചരണത്തില്‍ നിന്ന് വിട്ട് നിന്നെന്നും ഇക്കാര്യം പരിശോധിച്ച്‌ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് സുരേന്ദ്രന്‍ പറഞ്ഞു. ശോഭ സുരേന്ദ്രന്‍ അടക്കമുള്ള നേതക്കള്‍ക്കെതിരെയാണ് നടപടി ഉണ്ടാവുക.

സംസ്ഥാനത്തെ ബിജെപിയുടെ പുനഃസംഘടനയില്‍ പ്രതിഷേധിച്ച്‌ ശോഭ സുരേന്ദ്രന്‍ ഉള്‍പ്പടെയുള്ള ഒരു വിഭാഗം നേതാക്കളാണ് തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ പങ്കെടുക്കാതിരുന്നത്. ശോഭ സുരേന്ദ്രനെ അനുകൂലിക്കുന്ന പി എം വേലായുധന്‍, ജെ ആര്‍ പത്മകുമാര്‍ അടക്കമുള്ള നേതാക്കള്‍ പ്രചരണങ്ങളില്‍ സജീവമായിരുന്നില്ല.

എന്നാല്‍ സുരേന്ദ്രനെ എതിര്‍ത്ത കൃഷ്ണദാസ് പക്ഷം തിരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ സജീവമായിരുന്നു. തങ്ങളെ അവഗണിക്കുന്നുവെന്ന പരാതി പരിഹരിക്കാത്തതിനാലാണ് പ്രചരണങ്ങളില്‍ സജീവമാകാതിരുന്നതെന്ന് ശോഭ സുരേന്ദ്രന്‍ വിഭാഗം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

ബിജെപിയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനാണ് ഇക്കുറി നടത്തിയതെന്ന് കെസുരേന്ദ്രന്‍ അവകാശപ്പെട്ടു. മുന്‍ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ബിജെപിക്ക് എട്ട് ലക്ഷത്തോളം വോട്ടുകള് കൂടുതല്‍ കിട്ടിയെന്നും സുരേന്ദ്രന്‍ പറഞ്ഞു.

അതേസമയം, തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം ശോഭ സുരേന്ദ്രന്റെ മേല്‍ പഴിചാരി രക്ഷപ്പെടാമെന്ന് കെ സുരേന്ദ്രന്‍ കരുതണ്ടെന്നും പരാജയത്തിന് കാരണം സുരേന്ദ്രന്‍ ആണെന്നും ശോഭ പക്ഷം ആരോപിച്ചു. സംഘടന നടപടിയെന്ന ഓലപ്പാമ്ബിനെ കാണിച്ച്‌ രക്ഷപ്പെടാന്‍ കെ സുരേന്ദ്രന് കഴിയില്ലെന്ന് ശോഭ സുരേന്ദ്രന്‍ പക്ഷം പറഞ്ഞു. 1200ഓളം സ്ഥലങ്ങളില്‍ ബിജെപി പരാജയപ്പെട്ടതിന് കാരണം ശോഭ സുരേന്ദ്രന്‍ അല്ലെന്നും ബിജെപി സംസ്ഥാന പ്രസിഡന്റിന്റെ രാഷ്ട്രിയ പക്വതയില്ലായ്മയും സഹപ്രവര്‍ത്തകരോട് വച്ച്‌ പുലര്‍ത്തുന്ന പകയുമാണെന്നും പ്രചരണങ്ങളില്‍ നിന്ന് ശോഭയെ മാറ്റി നിര്‍ത്തിയത് സുരേന്ദ്രന്റെ വ്യക്തി വിദ്വേഷം മൂലമാണെന്നും ശോഭ പക്ഷം ആരോപിച്ചു.

തദ്ദേശ തിരഞ്ഞെടുപ്പില്‍ ആര്‍എസ്‌എസിന്റെ നേതൃത്വത്തില്‍ 52 പോഷകസംഘടനകളുടെ പ്രവര്‍ത്തനമാണ് 10 ലക്ഷത്തോളം വോട്ടര്‍മാരെ ചേര്‍ത്തത്. എന്നിട്ടും 13 പഞ്ചായത്തില്‍ നിന്ന് പത്ത് പഞ്ചായത്തുകളിലേക്ക് ചുരുങ്ങി. ജില്ലാ പഞ്ചായത്തില്‍ മൂന്നില്‍ നിന്ന് രണ്ടായി കുറഞ്ഞു. ഈ സാഹചര്യം ആര്‍എസ്‌എസിന് മുന്നില്‍ കെ സുരേന്ദ്രന് വിശദീകരിക്കേണ്ടി വന്നു.

50 ശതമാനം സ്ത്രീകള്‍ മത്സരിക്കുന്ന തിരഞ്ഞെടുപ്പില്‍ വനിത നേതാവും മുഖ്യ പ്രചാരകയുമായ ശോഭ സുരേന്ദ്രനെ മാറ്റി നിര്‍ത്തിയ സുരേന്ദ്രനെതിരെയാണ് സംഘടനാ നടപടി വേണ്ടതെന്നും ശോഭ പക്ഷം പറയുന്നു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com