സ്വര്‍ണക്കടത്ത്: മുഖ്യമന്ത്രിയുടെ അഡീ.പ്രൈവറ്റ് സെക്രട്ടറിയുടെ പങ്ക് അന്വേഷിക്കണം: കെ.സുരേന്ദ്രന്‍

ധാര്‍മ്മികതയുടെ പേരില്‍ രാജിവയ്ക്കാന്‍ തയ്യാറാകാത്ത മുഖ്യമന്ത്രിയുടെ നടപടി സംസ്ഥാനത്തെ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് സുരേന്ദ്രന്‍ പറഞ്ഞു.
സ്വര്‍ണക്കടത്ത്: മുഖ്യമന്ത്രിയുടെ അഡീ.പ്രൈവറ്റ് സെക്രട്ടറിയുടെ പങ്ക് അന്വേഷിക്കണം: കെ.സുരേന്ദ്രന്‍

കോഴിക്കോട്: മുഖ്യമന്ത്രിയുടെ സ്റ്റാഫംഗത്തിനെതിരെ ആരോപണവുമായി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന് എതിരെയാണ് സുരേന്ദ്രന്റെ ആരോപണം. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച്‌ നടക്കുന്ന എല്ലാ ഇപടാപടുകളുടെയും ആസൂത്രകന്‍ രവീന്ദ്രന്‍ ആണെന്ന്‍ സുരേന്ദ്രന്‍ ആരോപിച്ചു.

ധാര്‍മ്മികതയുടെ പേരില്‍ രാജിവയ്ക്കാന്‍ തയ്യാറാകാത്ത മുഖ്യമന്ത്രിയുടെ നടപടി സംസ്ഥാനത്തെ ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ലോകത്തിനു മുന്നില്‍ കേരളത്തിന്റെ പ്രതിച്ഛായ തകര്‍ക്കുന്ന നിലയിലേക്ക് കാര്യങ്ങളെത്തി. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐ.ടി സെക്രട്ടറിയലും കേസിലെ കേന്ദ്രബിന്ദുവായി മാറി. കേസിലെ പ്രതികള്‍ക്ക് എല്ലാ ഒത്താശയും ചെയ്തുകൊടുത്തത് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ്. അദ്ദേഹത്തിന്റെ ഇടപെടല്‍ മൂലമാണ് സ്വര്‍ണക്കടത്ത് കേസിലെ പ്രധാനപ്രതിക്ക് മുഖ്യമന്ത്രിയുടെ ഓഫീസില്‍ പ്രധാന പദവി ലഭിച്ചത്. മുഖ്യമന്ത്രിയുടെ ഐടി ഫെലോ ആണ് സ്വര്‍ണക്കടത്തുകാര്‍ക്ക് എല്ല സൗകര്യങ്ങളും ചെയ്തുകൊടുത്തത്. പ്രധാനപ്പെട്ട രണ്ട് ഉദ്യോഗസ്ഥന്മാര്‍, മുഖ്യമന്ത്രിയുടെ വിശ്വസ്തര്‍, എല്ലാ ഇടപെടുകളും അറിയാവുന്നവര്‍, ഈ കേസില്‍ ആരോപണ വിധേരായിട്ടും തന്റെ ഓഫീസിന് ഒരു പങ്കുമില്ലെന്നാണ് മുഖ്യമന്ത്രി ഇപ്പോഴൂം പറയുന്നത്.

മുഖ്യമന്ത്രിയുടെ ഓഫീസ് കൊള്ളക്കാരുടെയും മാഫിയസംഘങ്ങളുടെയും കൂടാരമായി മാറി. ഐ.ടി വകുപ്പില്‍ നടന്ന എല്ലാ നിയമനങ്ങളും രവീന്ദ്രനും അരുണും ശിവശങ്കറും അറിഞ്ഞുകൊണ്ടാണ്. രവീന്ദ്രന്‍ അറിയാതെ ഒന്നും നടക്കില്ല. ഓഫീസിലെ കൂടുതല്‍ ആളുകള്‍ക്ക് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ട്. പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പറെ മാറ്റിയത് കൊണ്ട് പ്രശ്‌നങ്ങള്‍ തീരില്ല. പി.ഡബ്ല്യൂ.സിയുടെ മറവില്‍ നടന്ന എല്ലാ നിയമനങ്ങളും റദ്ദാക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ട് നടത്തിയ അഴിമതിയും കള്ളക്കടത്തും പുറത്തുവരണം. സി.പി.എമ്മിലെ പല ഉന്നത നേതാക്കന്മാരുമായി അടുത്ത ബന്ധമുള്ളവരാണ് സ്വര്‍ണക്കടത്തില്‍ അകപ്പെട്ടിരിക്കുന്നത്. ഒന്നും അന്വേഷിക്കേണ്ട എന്നുള്ള പിണറായിയുടെ ഒട്ടകപക്ഷിനയം ജനാധിപത്യത്തിന് ഭൂഷണമല്ലെന്നും സുരേന്ദ്രന്‍ പറ‌ഞ്ഞു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com