കാർഷിക നിയമത്തിനെതിരായ പ്രമേയം നിയമസഭയെ അവഹേളിക്കുന്നത്; കെ സുരേന്ദ്രന്‍

ഒ രാജഗോപാല്‍ പ്രമേയത്തെ അനുകൂലിച്ചതില്‍ വെട്ടിലായി ബിജെപി
കാർഷിക നിയമത്തിനെതിരായ പ്രമേയം നിയമസഭയെ അവഹേളിക്കുന്നത്; കെ സുരേന്ദ്രന്‍

തിരുവനന്തപുരം: കേന്ദ്ര കാര്‍ഷിക നിയമ ഭേദഗതിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ അവതരിപ്പിച്ച പ്രമേയം നിയമസഭയെ അവഹേളിക്കുന്നതാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സംസ്ഥാന നിയമസഭ കൊണ്ടുവന്ന പ്രമേയത്തെ ബിജപി എംഎല്‍എ ഒ രാജഗോപാല്‍ അനുകൂലിച്ച കാര്യം പശോധിക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

രാജഗോപാലുമായി സംസാരിക്കുമെന്നും അതിന് ശേഷം പ്രതികരിക്കുമെന്നും പറഞ്ഞ സുരേന്ദ്രന്‍ ബിജെപിയില്‍ ഭിന്നതയില്ലെന്നും വ്യക്തമാക്കി. കർഷക നിയമത്തിനെതിരെ സഭ പ്രമേയം പാസാക്കുന്നതിനെതിരെ ബിജെപി അംഗം ഒ രാജഗോപാൽ എതിർത്തിരുന്നെങ്കിലും പ്രമേയം പാസാക്കുന്ന ഘട്ടത്തിൽ വോട്ടെടുപ്പ് ആവശ്യപ്പെട്ടിരുന്നില്ല.

പ്രമേയം പാസായത് ഐക്യകണ്ഠേനയാണെന്നും കർഷക നിയമം പിൻവലിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും രാജഗോപാല്‍ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. നിയമസഭയുടെ പൊതു അഭിപ്രായത്തെ താൻ മാനിച്ചു. സഭയിൽ സംസാരിക്കാൻ സമയം ലഭിച്ചപ്പോൾ തന്റെ അഭിപ്രായം പറഞ്ഞു. കർഷക നിയമം പിൻവലിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. നിയമ സഭ കൊണ്ടു വന്ന പ്രമേയത്തിൽ ചില വ്യത്യാസങ്ങളുണ്ടായിരുന്നു അതിനെ ചൂണ്ടിക്കാണിക്കുകയാണ് സഭയിൽ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com