കെ ടി ജലീലിനെ ലക്ഷ്യം വെച്ച് ബിജെപി; ഭക്ഷ്യധാന്യ കിറ്റാണോ സ്വർണക്കിറ്റാണോ കൈമാറിയത്: കെ സുരേന്ദ്രൻ
Kerala

കെ ടി ജലീലിനെ ലക്ഷ്യം വെച്ച് ബിജെപി; ഭക്ഷ്യധാന്യ കിറ്റാണോ സ്വർണക്കിറ്റാണോ കൈമാറിയത്: കെ സുരേന്ദ്രൻ

സ്വപ്നയുമായുള്ള ബന്ധത്തെക്കുറിച്ച് കെ.ടി ജലീൽ നൽകുന്ന വിശദീകരണം വസ്തുതാപരമല്ലെന്നും കോഴിക്കോട്ട് നടന്ന വാർത്താസമ്മേളനത്തിൽ കെ.സുരേന്ദ്രൻആരോപിച്ചു.

By News Desk

Published on :

കോഴിക്കോട്: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ മന്ത്രി കെ.ടി ജലീലിനെ സംരക്ഷിക്കുകയാണെന്ന് ബി.ജെ.പി, പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ മന്ത്രി ജലീലിനെയും മുഖ്യമന്ത്രിയേയും രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്. സ്വപ്നയുമായുള്ള ബന്ധത്തെക്കുറിച്ച് കെ.ടി ജലീൽ നൽകുന്ന വിശദീകരണം വസ്തുതാപരമല്ലെന്നും കോഴിക്കോട്ട് നടന്ന വാർത്താസമ്മേളനത്തിൽ കെ.സുരേന്ദ്രൻആരോപിച്ചു.

ജലീൽ സ്വപ്നയ്ക്ക് ഭക്ഷ്യധാന്യ കിറ്റാണോ സ്വർണക്കിറ്റാണോ കൈമാറിയത് എന്നതിൽ സംശയമുണ്ട് എന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സരിത്തിനെ എന്തിന് വിളിക്കണം? പ്രൈവറ്റ് സെക്രട്ടറിയുടെ ഫോണി മന്ത്രി സംസാരിക്കുന്നില്ല എന്നതിന് എന്താണുറപ്പ്? ഇതിനു മുൻപും ജലീൽ സ്വപ്നയെ വിളിച്ചതിന് തെളിവ് വരുന്നുണ്ട്. ആരെയാണ് ജലീൽ കബളിപ്പിക്കുന്നത്?

ലോക്ക് ഡൗൺ കാലത്താണ് ഏറ്റവുമധികം കിറ്റുകൾ കൊടുത്തതെന്നിരിക്കെ ഈ വർഷം റംസാൻ കിറ്റുകൾ വിതരണം ചെയ്യാനായില്ലെന്നാണ് ജലീൽ പറയുന്നത്. റംസാൻ മാസത്തെ ഇതിലേക്ക് വലിച്ചിഴയ്ക്കുന്ന ജലീൽ ശരിയായ വിശ്വാസിയാണോയെന്ന കാര്യത്തിൽ സംശയമുണ്ട്.എന്ന് സുരേന്ദ്രന്‍ പരിഹസിച്ചു.

ജലീലിന്‍റെ വാർത്ത സമ്മേളനത്തിൽ ആകെമൊത്തം നാടകീയതയും ആശയക്കുഴപ്പവുമാണുള്ളത്. മന്ത്രിയുടെ ഓഫീസിൽ സ്വർണക്കടത്തുകാർ എങ്ങനെ എത്തി എന്നത് അന്വേഷിക്കണം. മുമ്പ് തീവ്രവാദ സംഘടനകളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചയാളാണ് ജലീലെന്നും സുരേന്ദ്രൻ പറഞ്ഞു.

എൻ.ഐ.എ പറഞ്ഞത് കൂടി കൂട്ടി വായിക്കുമ്പോൾ മുഖ്യമന്ത്രി മൗനം പാലിക്കുന്നതെന്തിനാണെന്ന് വ്യക്തമാവും. കഴിഞ്ഞ 2 മാസത്തെ ഫോൺ കോൾ റെക്കോഡ് പുറത്ത് വിടാൻ ജലീലിന് ധൈര്യമുണ്ടോ? എന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ വെല്ലുവിളിച്ചു.

Anweshanam
www.anweshanam.com