പേര് മാറിയത് ക്ലറിക്കല്‍ പിഴവ്; വിശദീകരണവുമായി കെ എസ് യു പ്രസിഡന്റ്

ചികിത്സയില്‍ കഴിയുമ്പോള്‍ മാനസികമായി തകര്‍ക്കരുതെന്ന് ഫേസ്ബുക്ക് പോസ്റ്റ്.
പേര് മാറിയത് ക്ലറിക്കല്‍ പിഴവ്; വിശദീകരണവുമായി കെ എസ് യു പ്രസിഡന്റ്

തിരുവനന്തപുരം: വ്യാജപേരില്‍ കോവിഡ് ടെസ്റ്റ് നടത്തിയെന്ന പരാതിയില്‍ വിശദീകരണവുമായി കെ എസ് യു സംസ്ഥാന പ്രസിഡന്റ് കെഎം അഭിജിത്ത്. ആശുപത്രിയിലെ കാര്യങ്ങള്‍ എല്ലാം ചെയ്തത് സഹപ്രവര്‍ത്തകനായ ബാഹുല്‍ ആണെന്നും ആശുപത്രി അധികൃതര്‍ക്ക് സംഭവിച്ച ക്ലറിക്കല്‍ തെറ്റാണ് ഇതെന്നാണ് ബാഹുല്‍ തന്നെ അറിയിച്ചതെന്നും കെഎം അഭിജിത്ത് ഫേസ്ബുക്കിലിട്ട വിശദീകരണക്കുറിപ്പില്‍ പറയുന്നു.

ബാഹുലിന്റേയും ഞാന്‍ താമസിക്കുന്ന വീടിന്റെ ഉടമയുടെയും നമ്പറുകള്‍ ആണ് ടെസ്റ്റ് ചെയ്ത സ്ഥലത്ത് നല്‍കിയത്. പോസിറ്റീവ് ആയതിനുശേഷം ആരോഗ്യ പ്രവര്‍ത്തകര്‍ വിളിച്ച് അന്വേഷിക്കുകയും ചെയ്തു. തൊണ്ടവേദന ഒഴികെ മറ്റു കാര്യമായ ബുദ്ധിമുട്ടുകള്‍ ഇല്ലാത്തതിനാല്‍ ‘ആരോഗ്യപ്രവര്‍ത്തകരെ’ അറിയിച്ചുകൊണ്ട് ഇതേ വീട്ടില്‍ ഞാന്‍ കഴിയുകയാണ്. എന്നിട്ടും എന്നെ കാണാന്‍ ഇല്ലെന്നും കള്ള മേല്‍വിലാസം നല്‍കിയെന്നും വ്യാജപ്രചാരണങ്ങള്‍ ചില കേന്ദ്രങ്ങള്‍ പടച്ചുവിടുകയാണെന്നും ആരോപണങ്ങള്‍ നിഷേധിച്ചുക്കൊണ്ട് കെഎം അഭിജിത്ത് പറഞ്ഞു.

പോത്തന്‍കോട് പഞ്ചായത്ത് പ്രസിഡന്റിനു രാഷ്ട്രീയതാല്പര്യം കാണും. ഈ സര്‍ക്കാരിലെ ചില വകുപ്പുകള്‍ക്കും കാണും. ഇല്ലാകഥകള്‍ കൊട്ടി ആഘോഷിക്കാന്‍ ചില മാധ്യമങ്ങള്‍ക്കും ഉത്സാഹം ഉണ്ടാകും. അപ്പോഴും ഓര്‍ക്കേണ്ടത് ഞാന്‍ കോവിഡ് രോഗം പിടിപെട്ട് ചികിത്സയില്‍ ആണ് എന്നത് മാത്രമാണ്. ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ട്. മാനസികമായി കൂടി തകര്‍ക്കരുതെന്നും അദ്ദേഹം കുറിപ്പില്‍ ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസമാണ് കെഎം അഭിജിത്ത് വ്യാജപേരില്‍ കൊവിഡ് ടെസ്റ്റ് നടത്തി ആള്‍മാറാട്ടം നടത്തിയെന്ന് തിരുവനന്തപുരം പോത്തന്‍കോട് പഞ്ചായത്ത് പ്രസിഡന്റ് പരാതി നല്‍കിയത്. സംസ്ഥാനത്തെ മറ്റൊരു കെ എസ് യു നേതാവിന്റെ വീട്ടുവിലാസത്തിലായിരുന്നു അഭിജിത്ത് കോവിഡ് ടെസ്റ്റ് നടത്തിയത്.

Related Stories

Anweshanam
www.anweshanam.com