
തിരുവനന്തപുരം: കോവിഡ് പ്രതിരോധ നടപടികള്‍ക്കെതിരെയുള്ള വിമർശനങ്ങളെ പോസിറ്റീവ് ആയി കാണുന്നുവെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചിട്ട് ഒരു വർഷം തികയുന്ന പശ്ചാത്തലത്തിലാണ് ആരോഗ്യമന്ത്രിയുടെ പ്രതികരണം.
ആളുകൾ കണക്കുകൾ ശ്രദ്ധിക്കുന്നില്ല. അതൊന്നും നോക്കാതെയാണ് പലപ്പോഴും വിമർശനം ഉന്നയിക്കുന്നത്. തുടക്കത്തിൽ 0.5 ആയിരുന്നു കേരളത്തിന്റെ മരണനിരക്ക്. ജൂണ്‍- ജൂലൈയിൽ മരണ നിരക്ക് 0.7 വരെ ആയി. മരിച്ച് പോകുമായിരുന്ന പതിനായിരങ്ങളെ രക്ഷിക്കാന്‍ കഴിഞ്ഞുവെന്ന് മന്ത്രി പറഞ്ഞു.
മേയ് മസത്തിന് ശേഷമാണ് സംസ്ഥാനത്ത് കോവിഡ് കേസുകൾ കൂടാൻ തുടങ്ങിയത്. ഹോട്ട്സ്പോട്ടുകളിൽ നിന്ന് ആളുകൾ മടങ്ങാൻ തുടങ്ങിയതോടെ കേസുകൾ കൂടി. വിവാഹങ്ങൾ, രാഷ്ട്രീയ പാർട്ടി പരിപാടികൾ എന്നിവ സമ്പർക്ക വ്യാപനം കൂട്ടി. ടെസ്റ്റ് മുറവിളികള്‍ പണ്ടേ ഉള്ളതാണ്. എന്തിനാണ് ഇങ്ങനെ പറയുന്നത് എന്ന് മനസിലാവുന്നില്ലെന്നും മന്ത്രി പറഞ്ഞു.
കേരളത്തിന് കൃത്യമായ സ്ട്രാറ്റജിയുണ്ട്. മരണനിരക്ക് 0.4 ശതമാനത്തിൽ പിടിച്ചു നിർത്തിയത് നേട്ടമാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10ന് താഴെയായി നിർത്താൻ കഴിയുന്നത് ഇപ്പോഴും നേട്ടമായി കരുതുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ചിലർ രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടി ചിലത് പറയുകയാണെന്നും ആത്മവിശ്വാസത്തോടെ തന്നെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുമെന്നും മന്ത്രി വ്യക്തമാക്കി.