ജോസ് കെ മാണി കേന്ദ്രമന്ത്രി സഭയിലേക്ക് ?

നിലവിൽ രാജ്യസഭാ എംപിയായ ജോസ് കെ മാണി എൻഡിഎയിലേക്ക് ചേക്കേറിയാൽ ന്യൂനപക്ഷ വിഭാഗത്തിൽ നിന്നുള്ള വ്യക്തി എന്ന നിലക്ക് മന്ത്രിയാകാൻ ഏറെ സാധ്യതയുണ്ട്
ജോസ് കെ മാണി കേന്ദ്രമന്ത്രി സഭയിലേക്ക് ?

കോട്ടയം: യുഡിഎഫിൽ നിന്നും പുറത്താക്കപ്പെട്ടതോടെ ജോസ് കെ മാണിക്കായി കേന്ദ്രത്തിൽ മന്ത്രി കസേര ഒരുങ്ങുന്നതായി രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. യുഡിഎഫിൽ നിന്ന് പുറത്താക്കപ്പെടുകയും എൽഡിഎഫിലേക്ക് എടുക്കുന്ന കാര്യത്തിൽ സിപിഐയും എൻസിപിയും ഉടക്കുമായി നിൽക്കുന്നതോടെ ജോസ് കെ മാണിക്ക് മുന്നിൽ ഇനിയുള്ള വാതിൽ എൻഡിഎയുടേതാണ്. എൻഡിഎ ഇതിനോടകം അവരുടെ സഖ്യത്തിലേക്ക് ജോസ് കെ മാണി വിഭാഗത്തെ സ്വാഗതം ചെയ്യുകയും ചെയ്‌തു.

നിലവിൽ രാജ്യസഭാ എംപിയായ ജോസ് കെ മാണി എൻഡിഎയിലേക്ക് ചേക്കേറിയാൽ ന്യൂനപക്ഷ വിഭാഗത്തിൽ നിന്നുള്ള വ്യക്തി എന്ന നിലക്ക് മന്ത്രിയാകാൻ ഏറെ സാധ്യതയുണ്ട്. സംസ്ഥാനത്ത് ഒറ്റക്ക് നിന്നാൽ പോലും നേട്ടമുണ്ടാക്കാൻ സാധ്യത കൽപ്പിക്കുന്ന ജോസ് കെ മാണി വിഭാഗത്തിനെ കൂടെ കൂട്ടിയാൽ അത് ബിജെപി നയിക്കുന്ന എൻഡിഎക്കും ഏറെ ഗുണം ചെയ്യും.

സംസ്ഥാനത്ത് ഇതുവരെ കാര്യമായി വേരോട്ടം ഉണ്ടാക്കാൻ സാധിക്കാത്ത എൻഡിഎക്ക് ഒരു വർഷം കഴിഞ്ഞ് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ജോസ് കെ മാണിയെ കൂട്ടുപിടിച്ചാൽ നിലമെച്ചപ്പെടുത്താൻ സാധിക്കും. ഈ ഒരു സാധ്യത തന്നെയാണ് ജോസ് കെ മാണിക്ക് മുന്നിലും ഉള്ളത്. ഇപ്പോൾ പരസ്‌പരം സഖ്യത്തിന് തയ്യാറായാൽ ജോസ് കെ മാണിക്ക് മന്ത്രി സ്ഥാനം എന്നത് എളുപ്പത്തിൽ സാധിക്കുന്ന ഒന്നാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

മാത്രമല്ല, ജോസ് കെ മാണിയെ കേന്ദ്ര മന്ത്രിയാക്കാൻ നേരത്തെ മുതൽ ശ്രമങ്ങൾ അന്തരിച്ച കെ എം മാണിയുടെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നു. ഈ ലക്ഷ്യം കൂടി മുൻനിർത്തിയാണ് ജോസ് കെ മാണിയെ എംപി സ്ഥാനത്തേക്ക് അദ്ദേഹം പരിഗണിച്ചിരുന്നത്. ജോസ് കെ മാണിയും കേന്ദ്ര മന്ത്രി സ്ഥാനം സ്വപ്‌നം കണ്ടിരുന്നു. അത്‌കൊണ്ട് തന്നെ ജോസ് കെ മാണിയുടെ മനസ്സിൽ നേരത്തെ മുതലുള്ള മന്ത്രി സ്ഥാനം നേടിയെടുക്കാൻ അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് ശ്രമം ഉണ്ടാകുമെന്നാണ് നിരീക്ഷകർ പറയുന്നത്.

ഇപ്പോൾ കേന്ദ്രത്തിൽ ഒരു മന്ത്രിസ്ഥാനം ഉറപ്പിച്ചാൽ അടുത്ത നാല് വർഷത്തേക്ക് കേന്ദ്രത്തിൽ മന്ത്രിയായി ഇരിക്കാം എന്ന സാധ്യതയും ജോസ് കെ മാണിക്ക് മുന്നിലുണ്ട്. അത് കഴിയുമ്പോൾ സഖ്യം തുടരുകയോ കൂടാരം മാറുകയോ ചെയ്യാം. ഈ സാധ്യത മുന്നിൽ നിൽക്കുമ്പോൾ അത് വിട്ടുകളയാൻ അദ്ദേഹം തയ്യാറാകില്ല. തൽകാലം ഒറ്റക്ക് നിൽക്കുകയാണ് എന്ന് അദ്ദേഹം പറയുന്നതിൽ തന്നെ ചിലകണക്ക് കൂട്ടലുകൾ മനസ്സിൽ കണ്ടാണെന്നാണ് വിലയിരുത്തൽ.

Related Stories

Anweshanam
www.anweshanam.com