
കോട്ടയം: തദ്ദേശ തിരഞ്ഞെടുപ്പു ഫലം ചതിച്ചവര്‍ക്കുളള തിരിച്ചടിയാണെന്ന് ജോസ് കെ മാണി. ഇടതുമുന്നണി വിജയത്തില്‍ കേരള കോണ്‍ഗ്രസിന്റെ പങ്ക് വലുതാണ്. നിയമസഭാ തിരഞ്ഞെടുപ്പിലേക്കുളള സൂചകമാണ് ഈ ഫലമെന്നും അദ്ദേഹം പറഞ്ഞു.
"മാണിസാറിനോടൊപ്പം നിന്ന് മാണിസാറിനെ ചതിച്ചുപോയ പലരും ഉണ്ട്. അവര്‍ക്കൊക്കെയുള്ള മറുപടിയായാണ് ഈ തിരഞ്ഞെടുപ്പ് ഫലത്തെ കാണുന്നത്. കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് വലിയ മുന്നേറ്റം കാണുന്നുണ്ട്. ജനക്ഷേമ പദ്ധതികള്‍ക്ക് ലഭിച്ച സ്വീകാര്യതയാണിത്".
"കേരളാ കോണ്‍ഗ്രസിനെ മാണിസാറിന്റെ പ്രസ്ഥാനത്തെ ഇല്ലായ്മ ചെയ്യുവാനായി ചില ശക്തികളുടെ കൂടെ കൂടി പദവിക്ക് വേണ്ടി മറുകണ്ടം ചാടിയവരുമുണ്ട്. അവര്‍ക്കുള്ള മറുപടിയാണ് ഈ വിജയം". ഒരു കാരണവും ഇല്ലാതെ ഞങ്ങളെ പടിയച്ച കോണ്‍ഗ്രസിന് ജനം നല്കിയ മറുപടിയാണ് ഇതെന്നും ജോസ് കെ മാണി പ്രതികരിച്ചു.
അതേസമയം, കോണ്‍ഗ്രസ് വിമതരെ നിര്‍ത്തി പരസ്യമായി കാലുവാരിയെന്ന് പി.ജെ ജോസഫ് പ്രതികരിച്ചു. മുന്നണിയില്‍ കെട്ടുറപ്പിന്റെ കുറവുണ്ടായി. ഡീന്‍ കുര്യാക്കോസ് മല്സരിച്ചപ്പോഴത്തെ സ്ഥിതി ഉണ്ടായില്ല രണ്ടില ചിഹ്നം യുഡിഎഫിന്റേതാണെന്ന് പ്രചാരണമുണ്ടായെന്നും ജോസഫ് പറഞ്ഞു.