ജ്വല്ലറി നിക്ഷേപതട്ടിപ്പ്; എംസി കമറുദ്ദീൻ ഇന്ന് ലീഗ് നേതൃത്വത്തിന് വിശദീകരണം നൽകും
Kerala

ജ്വല്ലറി നിക്ഷേപതട്ടിപ്പ്; എംസി കമറുദ്ദീൻ ഇന്ന് ലീഗ് നേതൃത്വത്തിന് വിശദീകരണം നൽകും

പാർട്ടിക്ക് കയ്യൊഴിയാനാവില്ലെന്നും നേതൃത്വം തിരിച്ചറിഞ്ഞിട്ടുണ്ട്‌.

News Desk

News Desk

കാസർകോട്: ജ്വല്ലറി നിക്ഷേപതട്ടിപ്പ് വിവാദം കത്തുന്നതിനിടെ മഞ്ചേശ്വരം എംഎൽഎ എംസി കമറുദ്ദീൻ ഇന്ന് പാണക്കാട്ട് എത്തി ലീഗ് സംസ്ഥാന നേതൃത്വത്തിന് വിശദീകരണം നൽകും. സംസ്ഥാന സമിതി അംഗമായ കമറുദ്ദീനെതിരെ നിരവധി തട്ടിപ്പ് കേസുകളായതോടെ ഇക്കാര്യത്തിൽ തീരുമാനമെടുക്കാതെ ഒഴിഞ്ഞു മാറുന്നത് കനത്ത തിരിച്ചടിയുണ്ടാക്കുമെന്ന വിലയിരുത്തലിലാണ് ലീഗ് നേതൃത്വം.

തദ്ദേശ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ നിക്ഷേപ തട്ടിപ്പ് കമറുദ്ദീന്‍റെ വ്യക്തിപരമായ കാര്യമാണെന്ന് പറഞ്ഞു പാർട്ടിക്ക് കയ്യൊഴിയാനാവില്ലെന്നും നേതൃത്വം തിരിച്ചറിഞ്ഞിട്ടുണ്ട്‌.

കമറുദ്ദീൻ പ്രതിയായ ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ഡിജിപി ലോക്നാഥ് ബെഹ്റ ഇന്നലെ അറിയിച്ചിരുന്നു. നിലവിൽ ജില്ലാ ക്രൈം ബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്.

കമറുദ്ദീനെതിരെ 14 കേസുകൾ കൂടി ചന്തേര പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തു. ഇതോടെ ആകെ കേസുകൾ 29 ആയി. കഴിഞ്ഞ ദിവസം പൊലീസ് കമറുദ്ദീന്‍റെയും ജ്വല്ലറി എംഡി ടി കെ പൂക്കോയ തങ്ങളുടേയും വീടുകളിൽ റെയ്ഡ് നടത്തിയിരുന്നു.

Anweshanam
www.anweshanam.com