
കൊച്ചി: കാണാതായ വിദ്യാർത്ഥിനി ജസ്നയെ കണ്ടെത്താൻ നടപടിയില്ലാത്തതിൽ പ്രതിഷേധിച്ച് ഹൈക്കോടതി ജഡ്ജിയുടെ കാറില്‍ കരി ഓയില്‍ ഒഴിച്ചു. കാണാതായ ജസ്നയെ കണ്ടെത്താന്‍ സജീവമായ അന്വേഷണം വേണം എന്ന് ആവശ്യപ്പെട്ടാണ് ജസ്നയുടെ ബന്ധു ജസ്റ്റിസ് വി ഷേര്‍സിയുടെ കാറിന് നേരെ കരി ഓയില്‍ ഒഴിച്ചത്. കോട്ടയം സ്വദേശിയായ ആര്. രഘുനാഥനാണ് കരിഓയില്‍ ഒഴിച്ചത്.
കൈയില്‍ പ്ലക്കാര്‍ഡുമായി പ്രതിഷേധ മുദ്രാവാക്യവും വിളിച്ചാണ് ഇയാള്‍ ഹൈക്കോടതി ജഡ്ജിയുടെ വണ്ടി ആക്രമിച്ചത്. ഹൈക്കോടതിയുടെ പ്രവേശന കവാടത്തില്‍ വച്ചായിരുന്നു സംഭവം. തുടര്‍ന്ന് ഹൈക്കോടതിയിലെ സുരക്ഷാ ജീവനക്കാര്‍ ചേര്‍ന്ന് രഘുനാഥനെ പിടികൂടി. ഇയാളിപ്പോള്‍ എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലാണുള്ളത്.
ഇയാള്‍ക്കൊപ്പം വേറേയും ചിലര്‍ പ്രതിഷേധിക്കാനുണ്ടായിരുന്നുവെന്ന് വിവരം. ഹൈക്കോടതി രജിസ്ട്രാര്‍ അടക്കം സംഭവസ്ഥലത്ത് എത്തി കാര്‍ പരിശോധിച്ചു. ജസ്ന കേസില്‍ നടപടികള്‍ ഹൈക്കോടതിയില്‍ അനന്തമായി നീളുന്നതിലും ജസ്നയ്ക്കും കുടുംബത്തിനും നീതി കിട്ടാത്തതിലും പ്രതിഷേധിച്ചാണ് കരി ഓയില്‍ ഒഴിച്ച് പ്രതിഷേധിച്ചതെന്നാണ് രഘുനാഥന് പൊലീസിനോട് പറഞ്ഞത് എന്നാണ് കിട്ടുന്ന വിവരം. ഇയാളെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.