
മന്ത്രി കെ.ടി ജലീലിന്റെ പിഎച്ച്ഡി പ്രബന്ധം പുനഃപരിശോധിക്കണമെന്ന് പരാതി. സര്‍വകലാശാലാ ചാന്‍സിലര്‍ കൂടിയായ ഗവര്‍ണര്‍ പരാതി കേരള സര്‍വകലാശാല വൈസ് ചാന്‍സിലര്‍ക്ക് കൈമാറി.
സേവ് യൂണിവേഴ്സിറ്റി ഫോറമാണ് ജലീലിന്റെ പിഎച്ച്ഡി പ്രബന്ധത്തിനെതിരെ പരാതി നല്‍കിയിരുന്നത്. പ്രബന്ധത്തില്‍ ഗവേഷകന്റേതായി മൗലികമായ സംഭാവനകള്‍ ഇല്ലെന്നും അക്കാദമിക് വിദഗ്ധരുടെ പാനലിനെ കൊണ്ട് ഇത് പുനര്മൂല്യനിര്ണയത്തിനു വിധേയമാക്കണമെന്നുമാണ് ആവശ്യം.
മലബാര്‍ ലഹളയില്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെയും ആലിമുസ്ലിയാരുടെയും പങ്കിനെ അധികരിച്ചു തയ്യാറാക്കിയ ഗവേഷണ പ്രബന്ധത്തിനാണ് മന്ത്രി കെ.ടി ജലീല്‍ കേരള സര്‍വകലാശാലയില്‍നിന്ന് 2006-ല്‍ ഡോക്ടറേറ്റ് സ്വന്തമാക്കിയത്.
സേവ് യൂണിവേഴ്സിറ്റി ഫോറത്തിന്റെ കാമ്ബയ്ന് കമ്മിറ്റി നിയോഗിച്ച വിദഗ്ധ സമിതി ജലീലിന്റെ പ്രബന്ധത്തിലെ പിഴവുകള്‍ കണ്ടെത്തിയിരുന്നു. പ്രബന്ധങ്ങള്‍ അപ്ലോഡ് ചെയ്യേണ്ട യുജിസിയുടെ പൊതുസൈറ്റില്‍ ജലീലിന്റെ പ്രബന്ധം ലഭ്യമാകാത്തതു കൊണ്ട് വിവരാവകാശ നിയമപ്രകാരം കേരളാ യൂണിവേഴ്സിറ്റിയില്‍നിന്ന് പ്രബന്ധത്തിന്റെ പകര്‍പ്പ് ലഭ്യമാക്കുകയായിരുന്നു.