ഇരട്ടകുട്ടികള്‍ മരിച്ച സംഭവം: ആരോഗ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു

കുറ്റക്കാർക്കെതിരെ കർശന നടപടി.
ഇരട്ടകുട്ടികള്‍ മരിച്ച സംഭവം: ആരോഗ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു

തിരുവനന്തപുരം: കോഴിക്കോട് ഇരട്ടക്കുട്ടികള്‍ മരിച്ച സംഭവത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ അന്വേഷണത്തിനുത്തരവിട്ടു. ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മന്ത്രി ആവശ്യപ്പെട്ടു. വളരെ വേദനാജനകമായ സംഭവമാണിതെന്നും കുറ്റക്കാർക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

കോവിഡ് മുക്തയായ ഗർഭിണിക്ക് മഞ്ചേരി മെഡിക്കൽ കോളേജ് ഉൾപ്പെടെ അഞ്ച് ആശുപത്രികളാണ് ചികിത്സ നിഷേധിച്ചത്. ഇതേ തുടർന്ന് യുവതിയുടെ ഇരട്ടക്കുട്ടികൾ പ്രസവത്തിനിടെ മരിച്ചു. എൻസി ഷെരീഫ്-സഹല ദമ്പതികളുടെ മക്കളാണ് മരണപ്പെട്ടത്. സ്വകാര്യ ആശുപത്രികൾ ആർടി പിസിആർ ഫലം വേണമെന്ന് നിർബന്ധം പിടിച്ചെന്ന് ഭർത്താവ് ഷെരീഫ് പറയുന്നു.

മഞ്ചേരി മെഡിക്കൽ കോളേജിൽ നിന്ന് കോവിഡ് ചികിത്സ പൂർത്തിയാക്കി രണ്ട് ദിവസം മുമ്പാണ് സഹല വീട്ടിലേക്ക് പോയത്. തുടർന്ന് കടുത്ത വേദനയെ തുടർന്നാണ് പുലർച്ചെ തിരികെ ആശുപത്രിയിൽ എത്തിയത്. എന്നാൽ കോവിഡ് ചികിത്സ പൂർത്തിയാക്കിയതിനാൽ കോവിഡ് ആശുപത്രിയായ മഞ്ചേരിയിൽ പ്രവേശിപ്പിക്കാനാകില്ലെന്ന നിലപാടാണ് അധികൃതര്‍ സ്വീകരിച്ചത്.

കോട്ടപ്പറമ്പ് സർക്കാർ ആശുപത്രിയിലും ഗര്‍ഭിണിക്ക് ചികിത്സ നൽകിയില്ല. കോട്ടപ്പറമ്പ് ആശുപത്രിയിൽ ഡോക്ടർമാരില്ലായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിയപ്പോഴേക്കും 14 മണിക്കൂർ കഴിഞ്ഞിരുന്നു. തുടര്‍ന്ന് പ്രസവത്തിൽ രണ്ട് കുട്ടികളും മരിച്ചു.

Related Stories

Anweshanam
www.anweshanam.com