ഉമേഷ് വള്ളിക്കുന്നിനെതിരെ രണ്ട് അന്വേഷണം കൂടി

സസ്‌പെന്‍ഷന്‍ ഉത്തരവ് ഫേസ്ബുക്കിലിട്ടത് ഉത്തരവില്‍ പരാമര്‍ശിക്കുന്ന യുവതിക്ക് അപമാനമുണ്ടാക്കി.
ഉമേഷ് വള്ളിക്കുന്നിനെതിരെ രണ്ട് അന്വേഷണം കൂടി

കോഴിക്കോട്: സദാചാര ലംഘനം ആരോപിച്ച് സസ്‌പെന്‍ഡ് ചെയ്ത സിവില്‍ പൊലീസ് ഓഫീസര്‍ ഉമേഷ് വള്ളിക്കുന്നിനെതിരെ രണ്ട് അന്വേഷണം കൂടി. സസ്‌പെന്‍ഷന്‍ ഉത്തരവ് സമൂഹമാധ്യമത്തിലിട്ടുവെന്നും, മാധ്യമങ്ങളോട് ഇക്കാര്യത്തെപ്പറ്റി സംസാരിച്ചുവെന്നും ചൂണ്ടിക്കാട്ടിയാണ് അന്വേഷണം.

സസ്‌പെന്‍ഷന്‍ ഉത്തരവ് ഫേസ്ബുക്കിലിട്ടതോടെ ഉത്തരവില്‍ പരാമര്‍ശിക്കുന്ന യുവതിയ്ക്ക് അപമാനമുണ്ടായി എന്നാണ് ആരോപണം. സ്‌പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. ഫേസ്ബുക്കില്‍ പോസ്റ്റിട്ടത് സംബന്ധിച്ച് ഡിസിആര്‍ബി അസി. കമ്മീഷണര്‍ രഞ്ജിത്ത് ഉമേഷിനോട് പ്രാഥമിക വിവരങ്ങള്‍ ചോദിച്ചിരുന്നു.

കേരള പൊലീസിന്റെ സദാചാര ചരിത്രത്തിലെ നാഴികക്കല്ലായി പ്രഖ്യാപിച്ച് ആദരിക്കേണ്ട സസ്‌പെന്‍ഷന്‍ ഓര്‍ഡര്‍ ഇന്ന് വൈകുന്നേരം ആദരപൂര്‍വ്വം കൈപ്പറ്റിയിരിക്കുന്നുവെന്നാണ് ഉമേഷ് ഫേസ്ബുക്കില്‍ കുറിച്ചത്.

മാധ്യമങ്ങളോട് സംസാരിച്ചത് പൊലീസ് സേനയ്ക്ക് തന്നെ അപമാനമുണ്ടാക്കിയെന്ന ആരോപണത്തില്‍ ട്രാഫിക് സൗത്ത് അസിസ്റ്റന്റ് കമ്മീഷണര്‍ ബിജുരാജിനോടാണ് അന്വേഷണത്തിന് നേതൃത്വം നല്‍ക്കാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നതെന്നാണ് വിവരം.

അതേസമയം സസ്‌പെന്‍ഷന്‍ ഉത്തരവിലെ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടി സിറ്റി പൊലീസ് കമ്മീഷണര്‍ എവി ജോര്‍ജിനെതിരെ യുവതി നല്‍കിയ പരാതി ഉത്തരമേഖല ഐജി അശോക് യാദവിന്റെ പരിഗണനയിലാണ്.

Related Stories

Anweshanam
www.anweshanam.com