പിതാവ് കൊല്ലാന്‍ ശ്രമിച്ച കുഞ്ഞിന്‍റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി
Kerala

പിതാവ് കൊല്ലാന്‍ ശ്രമിച്ച കുഞ്ഞിന്‍റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി

കുഞ്ഞ് കൈകാലുകൾ അനക്കുന്നുണ്ടെന്നും കണ്ണുകൾ തുറക്കാനുള്ള ശ്രമം നടത്തുന്നുണ്ടെന്നും ഡോക്ടർമാര്‍ അറിയിച്ചു. 

News Desk

News Desk

എറണാകുളം: അങ്കമാലിയില്‍ പിതാവ് കൊല്ലാന്‍ ശ്രമിച്ച കുഞ്ഞിന്‍റെ ആരോഗ്യനിലയിൽ പുരോഗതി. കുഞ്ഞ് കൈകാലുകൾ അനക്കുന്നുണ്ടെന്നും കണ്ണുകൾ തുറക്കാനുള്ള ശ്രമം നടത്തുന്നുണ്ടെന്നും ഡോക്ടർമാര്‍ അറിയിച്ചു. ഹൃദയമിടിപ്പ് സാധാരണ നിലയിലായത് പ്രതീക്ഷ നൽകുന്ന പുരോഗതിയാണെന്നും ഡോക്ടർമാര്‍ പറഞ്ഞു.

തലയ്ക്ക് ഏറ്റ ക്ഷതം കാരണം കുഞ്ഞിന്റെ തലച്ചോറിൽ അമിത രക്തസ്രാവവും നീർക്കെട്ടും ഉണ്ടായിരുന്നു. ഇതേ തുടർന്ന് തലയുടെ ഒരു ഭാഗം മുഴച്ചു. തലച്ചോറിലെ രക്തസ്രാവവും നീർക്കെട്ടും നീക്കം ചെയ്യുന്നതിനായാണ് ഇന്നലെ അടിയന്തര ശസ്ത്രക്രിയ നടത്തിയത്. നാല് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്ക് ശേഷം കുഞ്ഞിനെ ന്യൂറോ ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഓപ്പറേഷൻ കഴിഞ്ഞു മണിക്കൂറുകൾക്കുള്ളിൽ കുട്ടി കണ്ണു തുറക്കാനും കരയാനും തുടങ്ങിയിരുന്നു. ഇനി കുഞ്ഞിന് ശസ്ത്രക്രിയ ചെയ്യാനില്ല. മരുന്നുകളിലൂടെ മാത്രമേ ചികിത്സ മുന്നോട്ട് കൊണ്ടു പോകാനാവൂ. കുഞ്ഞിൻ്റെ ആരോഗ്യ നിലയിൽ അടുത്ത 36 മണിക്കൂർ കൂടി നിർണ്ണായകമാണെന്ന് മെഡിക്കൽ ബോർഡ് വ്യക്തമാക്കി.

കഴിഞ്ഞ പതിനെട്ടാം തീയതി പുലർച്ചെയാണ് 54 ദിവസം പ്രായമായ പെൺകുഞ്ഞിനെ അച്ഛൻ കാലിൽ പിടിച്ചു ചുഴറ്റി കട്ടിലിലേക്ക് എറിഞ്ഞത്. തലക്ക് പരിക്കേറ്റ് ബോധം നഷ്ടമായ നിലിയിലാണ് കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചത്. കുട്ടിയെ കൊലപ്പെടുത്താൻ ശ്രമിച്ച അച്ഛൻ ഷൈജു തോമസ് നിലവിൽ റിമാൻഡിലാണ്.

Anweshanam
www.anweshanam.com