കെപി യോഹന്നാന്റെ ബിലീവേഴ്‌സ് ചര്‍ച്ചിലും സ്ഥാപനങ്ങളിലും റെയ്ഡ്

ജീവനക്കാരുടെ വീട്ടിലും റെയ്ഡ് നടക്കുന്നുണ്ട്.
കെപി യോഹന്നാന്റെ ബിലീവേഴ്‌സ് ചര്‍ച്ചിലും സ്ഥാപനങ്ങളിലും റെയ്ഡ്

പത്തനംതിട്ട: ബിലീവേവ്‌സ് ചര്‍ച്ച് ബിഷപ്പ് കെപി യോഹന്നാന്റെ വീട്ടിലും സ്ഥാപനങ്ങളിലും ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. പത്തനംതിട്ട തിരുവല്ലയിലെ ബിലീവേഴ്സ് ചര്‍ച്ച് സ്ഥാപനങ്ങളില്‍ ആണ് രാവിലെ റെയ്ഡ് ആരംഭിച്ചിരിക്കുന്നത്.

വിവിധ സംസ്ഥാനങ്ങളിലെ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരാണ് റെയ്ഡ് നടത്തുന്നതെന്നാണ് വിവരം. ബിലീവേഴ്സ് ചര്‍ച്ച് സ്ഥാപനങ്ങളിലെ ജീവനക്കാരുടെ വീട്ടിലും റെയ്ഡ് നടക്കുന്നുണ്ട്.

നേരത്തെ തന്നെ വ്യാപകമായി ആരോപണങ്ങളും പരാതികളും കെപി യോഹന്നാന് എതിരെ ഉയര്‍ന്നിരുന്നു. 2012 ല്‍ കെപി യോഹന്നാന് എതിരെ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

യോഹന്നാനും അദ്ദേഹം നേതൃത്വം നല്‍കുന്ന ബിലീവേഴ്സ് ചര്‍ച്ച്, ഗോസ്പല്‍ ഫോര്‍ ഏഷ്യ ട്രസ്റ്റും വിദേശനാണയ വിനിമയച്ചട്ടം ലംഘിച്ചു വിദേശരാജ്യങ്ങളില്‍നിന്ന് സംഭാവനകള്‍ സ്വീകരിക്കുന്നതായും വന്‍തോതില്‍ ഭൂമിയും വിദ്യാഭ്യാസ സ്ഥാപനങ്ങളും വാങ്ങിക്കൂട്ടുന്നന്നെുമായിരുന്നു അന്ന് ഉയര്‍ന്ന പരാതി.

1990 മുതല്‍ 2011 വരെ 48 രാജ്യങ്ങളില്‍ നിന്നായി രണ്ടു ട്രസ്റ്റുകള്‍ക്കുമായി 1544 കോടി രൂപ ലഭിച്ചതായി നേരത്തെ കണ്ടെത്തിയിരുന്നു. ഈ പണം ഉപയോഗിച്ച് 19,000 ഏക്കര്‍ ഭൂമി വാങ്ങിക്കൂട്ടിയതായും സംസ്ഥാനത്തിനകത്തും പുറത്തും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കെട്ടിടസമുച്ചയങ്ങള്‍ എന്നിവ വാങ്ങിയതായും കണ്ടെത്തിയിരുന്നു.

സംസ്ഥാനത്ത് ബിലീവേഴ്സ് ചര്‍ച്ചിന് 10,000 ഏക്കര്‍ ഭൂമിയുണ്ടെന്നാണ് കണക്കാക്കുന്നത്. ഗോസ്പല്‍ ഫോര്‍ ഏഷ്യക്ക് 7,000 ഏക്കര്‍ ഭൂമിയുമുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഗോസ്പല്‍ ഫോര്‍ ഏഷ്യ ട്രസ്റ്റിനു മാത്രം 1991 മുതല്‍ 2008 വരെ 572,06,00,587 രൂപയുടെ വിദേശ ഫണ്ട് ലഭിച്ചിട്ടുണ്ടെന്നും 2002 മുതല്‍ 2008 വരെ ബിലീവേഴ്സ് ചര്‍ച്ചിന് 472,02,71,753 രൂപയും വിദേശത്തുനിന്ന് ലഭിച്ചിട്ടുണ്ടെന്നും അന്ന് കണക്കുകള്‍ പുറത്തുവന്നിരുന്നു. ഇതിനുപുറമേ യോഹന്നാന്‍ സ്വന്തമായി സുവിശേഷ റേഡിയോയും ടെലിവിഷന്‍ ചാനലും നടത്തിവരുന്നുണ്ട്.

Related Stories

Anweshanam
www.anweshanam.com