
കോഴിക്കോട്: കോവിഡിന്റെ മറവിലും ഇന്ത്യയില്‍ ന്യൂനപക്ഷവേട്ട മുഖ്യ അജണ്ടയായി സ്വീകരിച്ച സംഘ്പരിവാര്‍ അതിക്രമങ്ങളെ തുറന്നു കാണിക്കാന്‍ ലോകത്തിലെ ഏറ്റവും നീളം കൂടിയ കാര്ട്ടൂണുകള് അടങ്ങിയ കാര്‍ട്ടൂണ്‍ ബുക്ക് I can't breath പ്രകാശനം ചെയ്തു. ലോക കാര്‍ട്ടൂണ്‍ ദിനമായ സെപ്റ്റംബര്‍ 18 ന് ഗിന്നസ് റെക്കോഡ് ജേതാവായ കാര്‍ട്ടൂണിസ്റ്റ് എം ദിലീഫാണ് 400 മീറ്റര്‍ നീളത്തിലൂള്ള കാര്ട്ടൂണുകള് ഒരുക്കിയത്.
മോദി ഭരണകൂടത്തിന്റെ ദുഷ്ചെയ്തികളുടെ കാഠിന്യം കൈക്കരുത്തോടെ ക്യാന്‍വാസിലേക്ക് കോറിയിട്ട കാര്ട്ടൂണുകള് ശ്രദ്ധേയമാണ്. കോഴിക്കോട് ബീച്ചിലെ ആസ്പിന്‍ കോര്‍ട്ട് യാര്‍ഡ് ഓഡിറ്റോറിയത്തില്‍ പ്രദര്‍ശനം ഷാഹിന പ്രദര്‍ശനോദ്ഘാടനം നിര്‍വഹിച്ചു. കോഡിനേറ്റര്‍ മജീദ് അല്‍ഹിദ്, ജിആര്‍ മീഡിയ ഡയറക്ടര്‍ സാലിം ജീറോഡ്, അറേബ്യന്‍ ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ് പ്രതിനിധി യാസര്‍ അറാഫത്ത്, ഒ.സി മുഹമ്മദ്, നസീബ് മുക്കം, സുനില്‍ പാച്ചാക്കില്‍ എന്നിവര്‍ സംസാരിച്ചു.
ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ സംസ്കാരത്തെയും പാരമ്പര്യത്തെയും നശിപ്പിച്ച് വെറുപ്പിന്റെയും വിഭജനത്തിന്റെയും വിഷവിത്തുകള്‍ വിതച്ച വിനാശകാരികള്‍ക്കെതിരായ ധൈഷണിക ചെറുത്തുനില്‍പ്പാണ് I can't breath കൂറ്റന്‍ കാര്ട്ടൂണുകള്. ഗിന്നസ് ബുക്ക് ഓഫ് റെക്കോര്‍ഡ് ലക്ഷ്യമിട്ടൊരുക്കിയ കൂറ്റന്‍ പൊളിറ്റിക്കല്‍ കാര്ട്ടൂണുകള് നവംബര്‍ മാസത്തില്‍ ഷാര്‍ജ രാജ്യാന്തര പുസ്തകോത്സവത്തിലും വിവിധ വിദേശ രാജ്യങ്ങളിലും പ്രദര്‍ശിപ്പിക്കും. വര്‍ഗീയതയും കോര്‍പറേറ്റ് പ്രീണനവും പൗരാവകാശ ധ്വംസനവും പരിസ്ഥിതി ചൂഷണവും കൈമുതലാക്കിയ ഫാഷിസ്റ്റ് ഭരണകൂട നെറികേടുകള്‍ക്കെതിരായ ധീരമായ ചെറുത്തുനില്‍പ്പിന്റെ വിരല്‍ ചൂണ്ടലുകളാണ് കൂറ്റന്‍ കാര്ട്ടൂണുകള്.