13 വയസ്സുകാരിയുടെ 26 ആഴ്ച പിന്നിട്ട ഗർഭം അലസിപ്പിക്കാൻ ഹൈക്കോടതിയുടെ അനുമതി

അപകട സാധ്യതകളുണ്ടെങ്കിലും ഗർഭഛി​ദ്രം നടത്താമെന്നായിരുന്നു റിപ്പോർട്ട്
13 വയസ്സുകാരിയുടെ 26 ആഴ്ച പിന്നിട്ട ഗർഭം അലസിപ്പിക്കാൻ ഹൈക്കോടതിയുടെ അനുമതി

കൊച്ചി: 13 വയസ്സുകാരിയുടെ 26 ആഴ്ച പിന്നിട്ട ഗർഭം അലസിപ്പിക്കാൻ ഹൈക്കോടതിയുടെ അനുമതി. മക​ളുടെ ഗർഭഛിദ്രത്തിന്​ അനുമതി തേടി പിതാവ്​ നൽകിയ ഹർജി തിങ്കളാഴ്​ച അവധിയായിരുന്നിട്ടും പ്രത്യേക സിറ്റിങ്​ നടത്തിയാണ്​ ജസ്​റ്റിസ്​ ബെച്ചൻ കുര്യൻ തോമസ്​ പരിഗണിച്ചത്​. 24 മണിക്കൂറിനകം അലസിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ​ കോടതി അനുമതി നൽകി​.

മെഡിക്കൽ ബോർഡിന് രൂപം നൽകി കേസ് പരിഗണിക്കാൻ നേരത്തേ നിർദേശമുണ്ടായിരുന്നെങ്കിലും ഈ സമയം ആശുപത്രിയിലായിരുന്നതിനാൽ പെൺകുട്ടിക്ക് ബോർഡിന്​ മുന്നിൽ ഹാജരാകാനായില്ല. കോടതി നിർദേശ പ്രകാരം വീണ്ടും രൂപവത്​കരിച്ച മെഡിക്കൽ ബോർഡ്​ കുട്ടിയെ പരിശോധിച്ച് കഴിഞ്ഞ ദിവസം റിപ്പോർട്ട് നൽകി. അപകട സാധ്യതകളുണ്ടെങ്കിലും ഗർഭഛി​ദ്രം നടത്താമെന്നായിരുന്നു റിപ്പോർട്ട്.

20 ആഴ്ച വരെ വളർച്ചയുള്ള ഭ്രൂണം നശിപ്പിക്കാനാണ്​ നിയമപരമായി വ്യവസ്ഥയുള്ളത്​. നിയമഭേദഗതിയിലൂടെ ഇത് 24 ആഴ്ച വരെയാക്കി മാറ്റിയെങ്കിലും ഭ്രൂണവളർച്ച 26 ആഴ്ച പിന്നിട്ട കേസാണ്​ കോടതിയുടെ പരിഗണനക്കെത്തിയത്​. ഗർഭഛിദ്രം അനുവദിച്ചില്ലെങ്കിൽ പെൺകുട്ടിയുടെ ജീവിതത്തിലുടനീളം ഇൗ സംഭവം മുറിപ്പാടായി അവശേഷിക്കാനിടയുണ്ടെന്ന് വിലയിരുത്തിയ കോടതി പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് പീഡനത്തെത്തുടർന്ന് ഗർഭിണിയാകേണ്ടിവന്ന സാഹചര്യം കൂടി പരിഗണിച്ച്​ അനുമതി നൽകുകയായിരുന്നു.

പീഡന സംഭവം പെൺകുട്ടിയെ മാത്രമല്ല, മാനസികാഘാതം മാതാപിതാക്കളെയും നിരന്തരം വേട്ടയാടുന്ന സ്​ഥിതിവിശേഷമുണ്ടാകുന്നത്​ സാമൂഹ്യ താൽപര്യത്തിന് വിരുദ്ധമാകുമെന്ന്​ വിലയിരുത്തിയാണ്​ അനുമതി നൽകിയത്​. ഭ്രൂണത്തിൻറെ ഡി.എൻ.എ പരിശോധനക്ക്​​ തെളിവുകൾ ശേഖരിക്കണമെന്ന നിർദേശവും ഉത്തരവിലുണ്ട്​.

No stories found.
Anweshanam അന്വേഷണം
www.anweshanam.com