ശിവശങ്കറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി

ജസ്റ്റിസ് അശോക് മേനോന്റെ സിംഗിള്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
ശിവശങ്കറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി

കൊച്ചി: മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ നല്‍കിയ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി അടുത്തമാസം രണ്ടിലേക്ക് മാറ്റി വെച്ചു. ജസ്റ്റിസ് അശോക് മേനോന്റെ സിംഗിള്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. തനിക്കെതിരെ തെളിവുകളില്ലെന്നും സ്വപ്ന സുരേഷ് നല്‍കിയ മൊഴിയുടെ മാത്രം അടിസ്ഥാനത്തിലാണ് അറസ്‌റ്റെന്നുമാണ് ശിവശങ്കറിന്റെ വാദം.

സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായി ബന്ധപ്പെട്ട കളളപ്പണ ഇടപാടിലാണ് ശിവശങ്കറിനെ ഇഡി കഴിഞ്ഞ മാസം 28 ന് അറസ്റ്റുചെയ്തത്. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി എന്‍ഫോഴ്സ്മെന്റിനോട് മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു. തനിക്കെതിരെയുള്ള എന്‍ഫോഴ്സ്മെന്റിന്റെ ആരോപണങ്ങള്‍ കളവാണെന്നും ആരോപണങ്ങള്‍ തെളിയിക്കാനുള്ള രേഖകള്‍ ഇഡിയുടെ പക്കല്‍ ഇല്ലെന്നും ശിവശങ്കര്‍ ജാമ്യഹര്‍ജിയില്‍ പറയുന്നു.

അതേസമയം, സ്വപ്ന സുരേഷിന്റെ ലോക്കറില്‍ നിന്ന് കണ്ടെടുത്ത പണം ശിവശങ്കറിന്റേതു കൂടിയാണെന്നാണ് എന്‍ഫോഴ്‌സ്മെന്റ്് വാദം. ഹര്‍ജി ഡിസംബര്‍ രണ്ടിന് പരിഗണിക്കുമ്പോള്‍ ശിവശങ്കറിനായി സുപ്രീംകോടതി അഭിഭാഷകന്‍ ഹാജരാകും. നേരത്തെ ശിവശങ്കറിന്റെ ജാമ്യാപേക്ഷ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തളളിയിരുന്നു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com