ശബരിമല വിമാനത്താവളം; സര്‍ക്കാരിന് തിരിച്ചടിയായി ഹൈക്കോടതി ഉത്തരവ്
Kerala

ശബരിമല വിമാനത്താവളം; സര്‍ക്കാരിന് തിരിച്ചടിയായി ഹൈക്കോടതി ഉത്തരവ്

ബിലീവേഴ്‍സ് ചര്‍ച്ചിന്‍റെ  ഭൂമി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ ഉത്തരവിന് സ്റ്റേ.

By News Desk

Published on :

കൊച്ചി: ശബരിമല വിമാനത്താവള പദ്ധതിക്കായി ബിലീവേഴ്‍സ് ചര്‍ച്ചിന്‍റെ ഭൂമി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ. ബിലീവേഴ്‌സ് ചർച്ചിനായി അയന ട്രസ്റ്റ്‌ നൽകിയ ഹർജിയിൽ ആണ് ഉത്തരവ്.

ചെറുവള്ളി എസ്റ്റേറ്റിൽ നിന്ന് ഭൂമി ഏറ്റെടുക്കാൻ കോട്ടയം ജില്ലാ കളക്ടർക്ക് അനുവാദം നൽകികൊണ്ട് റവന്യു പ്രിൻസിപ്പൽ സെക്രട്ടറി ഈ മാസം 18 ന് ഉത്തരവിറക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഭൂമി ഏറ്റെടുക്കുന്നത് ചോദ്യം ചെയ്ത് ബിലീവേഴ്സ് ചർച്ചിന് കീഴിലുള്ള അയന ട്രസ്റ്റ് ഹൈക്കോടതിയിലെത്തിയത്.

പണം കോടതിയിലടച്ച് ഭൂമി ഏറ്റെടുക്കാൻ കളക്ടറെ ചുമതലപ്പെടുത്തിയ സർക്കാർ നടപടി നിയമാനുസൃതമല്ലെന്നും, ഭൂമിയുടെ ഉടമസ്ഥര്‍ തങ്ങളായതിനാല്‍ പണം ലഭിക്കേണ്ടത് തങ്ങള്‍ക്കാണെന്നുമായിരുന്നു ട്രസ്റ്റിന്‍റെ വാദം. എന്നാല്‍, ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസ് തുടരുകയാണെന്നും, തർക്കത്തിലുള്ള ഭൂമി ഏറ്റെടുക്കുമ്പോൾ തുക കോടതിയിൽ കെട്ടിവെച്ച് നിയമാനുസൃതമായി നീങ്ങാമെന്നാണ് കോടതിയുടെ നിരീക്ഷണം.

2013ലെ ഭൂമി ഏറ്റെടുക്കൽ നിയമ പ്രകാരമാകണം നടപടിയെന്നും ഇടക്കാല ഉത്തരവിൽ ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് വ്യക്തമാക്കി. ചെറുവള്ളി എസ്റ്റേറ്റ് ബലംപ്രയോഗിച്ച് ഏറ്റെടുക്കരുതെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സര്‍ക്കാരിന് തിരിച്ചടി നല്‍കി ഭൂമി ഏറ്റെടുക്കാനുള്ള ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുന്നത്.

Anweshanam
www.anweshanam.com