കോവിഡ് ചികിത്സയ്ക്ക് അമിത നിരക്ക് ഈടാക്കുന്നു; സ്വകാര്യ ആശുപത്രികള്‍ക്കെതിരെ ഹൈക്കോടതി

ഇക്കാര്യത്തില്‍ സര്‍ക്കാര്‍ സമയബന്ധിതമായി എടപെടണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു
കോവിഡ് ചികിത്സയ്ക്ക് അമിത നിരക്ക് ഈടാക്കുന്നു; സ്വകാര്യ ആശുപത്രികള്‍ക്കെതിരെ ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്ത് കോവിഡ് ചികിത്സയ്ക്ക് സ്വകാര്യ ആശുപത്രികള്‍ അമിത നിരക്ക് ഈടാക്കുന്നതിനെതിരെ ഹൈക്കോടതി. സര്‍ക്കാര്‍ ഉത്തരവുകള്‍ ആശുപത്രികള്‍ പാലിക്കുന്നില്ല, അതുകൊണ്ട് ഇക്കാര്യത്തില്‍ സര്‍ക്കാര്‍ സമയബന്ധിതമായി എടപെടണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. കൊറോണ ചികിത്സ നിരക്ക് ഏകീകരിക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയിലെത്തിയ ഹര്‍ജി പരിഗണിക്കവെയാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

സ്വകാര്യ ആശുപത്രികള്‍ അമിത നിരക്ക് ഈടാക്കുന്നതിനെതിരെ വ്യാപകമായ പരാതികളാണ് ലഭിക്കുന്നത്. പല കാര്യങ്ങള്‍ പറഞ്ഞാണ് തുക ഈടാക്കുന്നത്. പ്രതിദിനം രണ്ട് പിപിഇ കിറ്റുകളുടെ തുക ഓരോ രോഗിയില്‍ നിന്ന് ആശുപത്രി ഈടാക്കുന്നുണ്ട്. അമ്പത് രോഗികള്‍ ചികിത്സയിലുള്ള വാര്‍ഡില്‍ ഒരേ പിപിഇ കിറ്റ് ധരിച്ചാണ് ആരോഗ്യപ്രവര്‍ത്തകര്‍ നടക്കുന്നത്. എന്നാല്‍ അമ്ബത് രോഗികളില്‍ നിന്നും രണ്ട് കിറ്റിനുള്ള തുക ഈടാക്കുന്നതായാണ് കാണുന്നത്. എന്തിനാണ് ഓരോ രോഗിയില്‍ നിന്നും രണ്ട് കിറ്റിനുള്ള തുക ഈടാക്കുന്നതെന്നും കോടതി ചോദിച്ചു.

ചില സ്വകാര്യ ആശുപത്രികള്‍ ദിവസം 10,000 മുതല്‍ 20,000 വരെ ഈടാക്കുന്നുണ്ട്. ഈ ആശുപത്രികളുടെ പേര് ഇപ്പോള്‍ പരാമര്‍ശിക്കുന്നില്ലെന്ന് വ്യക്തമാക്കിയ കോടതി, നിലവിലുള്ളത് ഗൗരവകരമായ സാഹചര്യമാണെന്നും സര്‍ക്കാര്‍ ഇത് പരിശോധിക്കണമെന്നും നിര്‍ദ്ദേശിച്ചു. ഗുരുതര സാഹചര്യമാണ് ഇപ്പോള്‍ ഉള്ളത്. ഈ സമയം ഉയര്‍ന്ന നിരക്ക് ഈടാക്കുന്ന നടപടി അംഗീകരിക്കാനാകില്ല. അതുകൊണ്ട് തന്നെ സര്‍ക്കാര്‍ ഈ വിഷയം പരിശോധിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com