കേരളത്തില്‍ ഇന്നും നാളെയും അതിതീവ്ര മഴയെന്ന് മുന്നറിയിപ്പ്
Kerala

കേരളത്തില്‍ ഇന്നും നാളെയും അതിതീവ്ര മഴയെന്ന് മുന്നറിയിപ്പ്

നാളെ കഴിഞ്ഞാൽ മഴയുടെ ശക്തി കുറയുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്.

News Desk

News Desk

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. ജലനിരപ്പ് ഇയര്‍ന്നതോടെ പലയിടത്തും ജനവാസകേന്ദ്രങ്ങളിൽ നിന്നും ആളുകളെ മാറ്റുന്നത് തുടരുകയാണ്. കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. കേരളത്തിൽ ഇന്നും നാളെയും അതിതീവ്ര മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

വടക്കൻ കേരളത്തിൽ ഇന്ന് മഴ കൂടുതൽ ശക്തമാകും. നാളെ കഴിഞ്ഞാൽ മഴയുടെ ശക്തി കുറയുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്. എന്നാൽ കാറ്റിന്റെ വേഗതയും മാറ്റവും അനുസരിച്ച് ഇതിൽ ചില മാറ്റങ്ങൾ ഉണ്ടാകാനാണ് സാധ്യത. ഇതിനാൽ ബുധനാഴ്ച്ച ശേഷവും കേരളത്തിൽ മഴ ലഭിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.

വയനാട്, ഇടുക്കി, പത്തനംതിട്ട,പാലക്കാട്, കോഴിക്കോട് ജില്ലകൾ വെള്ളപ്പൊക്ക സാധ്യതയെന്ന് കേന്ദ്ര ജല കമ്മീഷൻ അറിയിപ്പ്. മഴയുടെ തുടരുന്ന പശ്ചാത്തലത്തിൽ പെരിയാർ, ഭാരതപ്പുഴ, പമ്പ, കബനി, വളപട്ടണം, കുറ്റ്യാട്ടി നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്.

മധ്യകേരളത്തില്‍ ആലപ്പുഴ ,കോട്ടയം ജില്ലകളില്‍ സ്ഥിതി ഗതികള്‍ രൂക്ഷമായി തുടരുന്നു. മീനച്ചിലാറ്റിലും മണിമലയാറ്റിലും ജലനിരപ്പ് ഉയർന്നതോടെ കോട്ടയം ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാണ്. കോട്ടയം ടൗണിന് സമീപത്തുള്ള ചാലുകുന്നു, പനയക്കപ്പ് തുടങ്ങിയ ഭാഗത്തെ നിരവധി ഭാഗത്തെ നിരവധി വീടുകളിൽ വെള്ളം കയറി.

മണർകാട് കാർ ഒലിച്ചുപോയി കാണാതായ ജസ്റ്റിന്‍റെ മൃതദേഹം കണ്ടെത്തി. കോട്ടയത്ത് 154 ദുരിതാശ്വാസ ക്യാമ്പുകളിലായി 3986 പേര്‍ കഴിയുന്നുണ്ട്. കോട്ടയം താലൂക്കിലാണ് കൂടുതൽ ക്യാമ്പുകളുള്ളത്. ഇവിടെ 102 ക്യാമ്പുകളാണ് സജ്ജീകരിച്ചിട്ടുള്ളത്.

പമ്പ ഡാമിന്റെ നാല് ഷട്ടറുകള്‍ രണ്ട് അടി വീതം തുറന്നതോടെ പത്തനംതിട്ടയില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം നൽകി. എട്ട് മണിക്കൂർ കൊണ്ട് അണക്കെട്ടിലെ ജലനിരപ്പ് 982 മീറ്ററിലേക്ക് എത്തിക്കാമെന്നാണ് കണക്കുകൂട്ടൽ. പമ്പ നദിയിൽ നാൽപ്പത് സെന്റീമീറ്ററെങ്കിലും ജലനിരപ്പ് ഉയരും. പ്രമാടത്ത് അച്ചൻകോവിൽ ആറ്റിൽ വീണ 75 കാരനെ കാണാതായി. പ്രമാടം കൊടുന്തറ സ്വദേശി രാജൻ പിള്ളയെയാണ് കാണാതായത്. പൊലീസും അഗ്നിശമന സേനയും ഇയാൾക്കായി തെരച്ചിൽ നടത്തുകയാണ്.

ആലപ്പുഴ കുട്ടനാട്ടിൽ വ്യാപക മട വീഴ്ചയില്‍ 600 അധികം ഏക്കറിൽ കൃഷി നശിച്ചു. വീടുകളിൽ വെള്ളം കയറിയതോടെ ആളുകൾ ദുരിതാശ്വാസ ക്യാമ്പിലേക്കുംം ബന്ധുവീടുകളിലേക്ക് മാറിത്തുടങ്ങി. ക്യാമ്പുകളുടെ എണ്ണം 40 ആയി.

തിരുവനന്തപുരം ജില്ലയിലുണ്ടായ മഴക്കെടുതിയില്‍ 37 വീടുകള്‍ പൂര്‍ണമായും 199 വീടുകള്‍ ഭാഗീകമായും തകര്‍ന്നു. രണ്ട് ദുരിതാശ്വാസ ക്യാമ്പുകളിലായി 584 പേരെ മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്. കടല്‍ക്ഷോഭമുണ്ടായ പ്രദേശങ്ങളില്‍ ആവവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. മഴ ശക്തമായ സാഹചര്യത്തില്‍ നെയ്യാര്‍, അരുവിക്കര ഡാമുകളുടെ ഷട്ടറുകള്‍ തുറന്നിട്ടുണ്ട്. പ്രദേശത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

മലപ്പുറം മരുത വെണ്ടേക്കുംപൊട്ടിയിൽ മണ്ണിടിച്ചിൽ ഉണ്ടായതിനെത്തുടര്‍ന്ന് ആറ് കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. വയനാട്ടിൽ ആകെ 81 ദുരിതാശ്വാസ ക്യാമ്പുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. 288 പേരെ ഇതുവരെ മാറ്റി പാർപ്പിച്ചിട്ടുണ്ട്. സുല്‍ത്താന്‍ ബത്തേരിയില്‍ 17 ക്യാമ്പുകളിലായി 206 കുടുംബങ്ങളിലെ 689 പേരും വൈത്തിരി താലൂക്കില്‍ 39 ക്യാമ്പുകളിലായി 600 കുടുംബങ്ങളിലെ 2082 പേരുമുണ്ട്.

Anweshanam
www.anweshanam.com