കേരളത്തില്‍ വരും ദിവസങ്ങളില്‍ അതിതീവ്ര മഴക്ക് സാധ്യത; ഓറഞ്ച് അലര്‍ട്ട്
Kerala

കേരളത്തില്‍ വരും ദിവസങ്ങളില്‍ അതിതീവ്ര മഴക്ക് സാധ്യത; ഓറഞ്ച് അലര്‍ട്ട്

അടുത്ത മൂന്ന് മണിക്കൂറിനിടെ തിരുവനന്തപുരം, കൊല്ലം, പാലക്കാട് , മലപ്പുറം എന്നീ ജില്ലകളിൽ ചിലയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

By News Desk

Published on :

തിരുവനന്തപുരം: കേരളത്തില്‍ വരും ദിവസങ്ങളില്‍ അതിതീവ്ര മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഒമ്പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് നല്‍കിയിട്ടുണ്ട്. ജൂണ്‍ 26 ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലും ജൂണ്‍ 27ന് കോഴിക്കോട് ,വയനാട് ജില്ലകള്‍ക്കുമാണ് ഓറഞ്ച് അലര്‍ട്ടുള്ളത്. ഇവിടങ്ങളിൽ അതിതീവ്ര മഴക്കാണ്​ സാധ്യതയുള്ളത്​. 24 മണിക്കൂറിൽ 204 എം.എമ്മിൽ അധികം മഴ ലഭിക്കാൻ സാധ്യതയുണ്ട്​. ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണം.

ജൂൺ 24ന്​ ആലപ്പുഴ, എറണാകുളം, ഇടുക്കി, 25ന്​ തിരുവനന്തപുരം, കൊല്ലം, പത്തനംത്തിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, 26ന്​ തൃശ്ശൂർ, പാലക്കാട്, 27ന്​ തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസർകോട്​, 28ന്​ കണ്ണൂർ, കാസർകോട്​ എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്​.

ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 എം.എം മുതൽ 115.5 എം.എം വരെ മഴ ലഭിക്കുന്ന ശക്തമായ മഴക്കാണ് സാധ്യത. മഞ്ഞ അലർട്ടുള്ളതിനാൽ ജനങ്ങളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ശ്രദ്ധയോടെ സ്ഥിതിഗതികൾ വീക്ഷിക്കണം.

ശക്തമായ കാറ്റിനും മഴക്കും മുന്നറിയിപ്പുള്ള സാഹചര്യത്തിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ വസിക്കുന്നവർ, നദിക്കരകളിൽ താമസിക്കുന്നവർ തുടങ്ങിയവർ പ്രത്യേക ജാഗ്രത പാലിക്കണം. കടലാക്രമണ സാധ്യതയുള്ള തീരദേശ വാസികളും ജാഗ്രത പാലിക്കണം. കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്​റ്റുകൾ തകർന്നുവീണും ഉണ്ടാകാനിടയുള്ള അപകടങ്ങളും ശ്രദ്ധിക്കണം.

24-06-2020 രാത്രി 11.30 വരെയുള്ള സമയത്ത് പൊഴിയൂര്‍ മുതല്‍ കാസര്‍ഗോഡ് വരെയുള്ള കേരള തീരത്ത് 2.7 മുതല്‍ 3.1 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലക്ക് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന കേന്ദ്രം (INCOIS) അറിയിച്ചു. തീരദേശവാസികള്‍ ജാഗ്രത പാലിക്കണം.

അടുത്ത മൂന്ന് മണിക്കൂറിനിടെ തിരുവനന്തപുരം, കൊല്ലം, പാലക്കാട് , മലപ്പുറം എന്നീ ജില്ലകളിൽ ചിലയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Anweshanam
www.anweshanam.com