കോവിഡ് വ്യാപനത്തിനിടെ കനത്ത മഴ; ആളുകളെ മാറ്റി പാർപ്പിക്കുന്നത് വെല്ലുവിളിയാകുന്നു
Kerala

കോവിഡ് വ്യാപനത്തിനിടെ കനത്ത മഴ; ആളുകളെ മാറ്റി പാർപ്പിക്കുന്നത് വെല്ലുവിളിയാകുന്നു

സാമൂഹിക അകലം പാലിച്ച് നടപടിയെടുക്കല്‍ നിര്‍ണ്ണായകമാണ്.

By News Desk

Published on :

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിനിടെയാണ് സംസ്ഥാനത്ത് മഴ കനക്കുന്നത് ആശങ്കയാകുന്നു. ആളുകളെ മാറ്റിപ്പാർക്കുന്നതിന് 3000 കേന്ദ്രങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് റവന്യുമന്ത്രി ഇ ചന്ദ്രശേഖരൻ അറിയിച്ചു. എന്നാൽ സാമൂഹിക അകലം പാലിച്ച് ആളുകളെ പാർപ്പിക്കുന്നതടക്കം വെല്ലുവിളിയാണ്.

ഇന്ന് തിരുവനന്തപുരം മുതൽ തൃശൂർ വരെയുള്ള ജില്ലകളിലും, നാളെ വടക്കൻ ജില്ലകളിലുമാണ് മഴ ശക്തമാകുകയെന്നാണ് മുന്നറിയിപ്പ്. വെള്ളം കയറുന്ന പ്രദേശങ്ങളിൽ നിന്ന് സാധാരണജനങ്ങളെ മാറ്റിപ്പാർപ്പിക്കാനുള്ള ക്യാമ്പുകൾ, 60 വയസിൽ കുടുതലുള്ളവർക്ക് പ്രത്യേക ക്യാമ്പുകൾ, കോവിഡ് ലക്ഷണങ്ങളുള്ളവർക്ക് ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ, വീടുകളിൽ നിരീക്ഷണത്തിലുള്ളവർക്ക് പ്രത്യേക ക്യാമ്പ് എന്നിങ്ങനെ നാല് രീതിയിലുള്ള സംവിധാനമാണ് ആളുകളെ മാറ്റിപാര്‍പ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

എന്നാൽ വ്യാപകമായി ആളുകളെ മാറ്റിപ്പാർപ്പിക്കേണ്ടി വരുമ്പോഴാകും യഥാർത്ഥ വെല്ലുവിളി. ഘട്ടം ഘട്ടമായി കൂടുതൽ ഫസ്റ്റ് ലൈൻ കേന്ദ്രങ്ങൾ തുടങ്ങുമെന്ന് ഇതിനകം സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഒരേ സമയം ഫസ്റ്റ് ലൈൻ കേന്ദ്രങ്ങൾക്കും ദുരിതാശ്വാസ ക്യാമ്പുകൾക്കും കെട്ടിടം കണ്ടെത്തലാണ് പ്രതിസന്ധി. അതേ സമയം നിലവിൽ മഴ മൂലം ആളുകളെ വ്യാപകമായി മാറ്റിപ്പാർപ്പിക്കേണ്ട സ്ഥിതി ഇല്ലെന്നാണ് റവന്യുവകുപ്പിന്‍റെ വിലയിരുത്തല്‍.

Anweshanam
www.anweshanam.com