കോവിഡ് രോഗിയെ പുഴുവരിച്ച സംഭവം; ആരോഗ്യപ്രവര്‍ത്തകരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കോവിഡ് മേൽനോട്ടത്തിന് പ്രത്യേക സമിതി രൂപീകരിക്കാനും തീരുമാനം ആയി
കോവിഡ് രോഗിയെ പുഴുവരിച്ച സംഭവം; ആരോഗ്യപ്രവര്‍ത്തകരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കോവിഡ് രോ​ഗിയെ പുഴുവരിച്ച സംഭവത്തില്‍ ആശുപത്രി അധികൃതരുടെ സസ്പെന്‍ഷന്‍ പിന്‍വലിച്ച്‌ സര്‍ക്കാര്‍. ഡോ.അരുണ, ഹെഡ് നഴ്സുമാരായ ലീന കുഞ്ചന്‍ , രജനി കെ.വി.എന്നിവരെയാണ് ജോലിയിലേക്ക് തിരികെയെടുത്തത്.

സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ചുമതലപ്പെടുത്തിയിരുന്ന മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍(ഡി.എം.ഇ.) റംലാബീവി, ആരോഗ്യവകുപ്പ് സെക്രട്ടറി രാജന്‍ ഖൊബ്രഗഡെയ്ക്കു നല്‍കിയ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍ പിന്‍വലിച്ചത്.

നേരത്തേ, ഡി.എം.ഇ.യുടെ പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു മൂന്നുപേരെ സസ്‌പെന്‍ഡ് ചെയ്തത്. സസ്‌പെന്‍ഷന്‍ നടപടിക്കെതിരേ ഡോക്ടര്‍മാരും നഴ്‌സുമാരും പ്രതിഷേധസമരം നടത്തിയിരുന്നു.

സസ്പെന്‍ഷന്‍ പിന്‍വലിച്ചെങ്കിലും ഡോക്ടര്‍ക്കും ജീവനക്കാര്‍ക്കുമെതിരായ വകുപ്പ് തല നടപടികള്‍ തുടരും. അച്ചടക്ക നടപടിക്കെതിരെ വലിയ എതിര്‍പ്പാണ് ഡോക്ടര്‍മാരുടേയും നഴ്സുമാരുടേയും സംഘടനകളുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. ആയിരക്കണക്കിന് രോഗികള്‍ വരുന്ന കോവിഡ് കാലത്ത് അധിക ഡ്യൂട്ടിയും ആരോഗ്യ മേഖലയിലെ ജീവനക്കാരുടെ പ്രതിസന്ധികളും ഒന്നും സര്‍ക്കാര്‍ കണക്കിലെടുത്തില്ലെന്ന ആക്ഷേപവും ശക്തമായിരുന്നു.

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കോവിഡ് മേൽനോട്ടത്തിന് പ്രത്യേക സമിതി രൂപീകരിക്കാനും തീരുമാനം ആയി. ഡിഎംഇയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നടപടി. സർജറി വിഭാഗം പ്രൊഫസർക്ക് കോവിഡ് ചുമതല കൈമാറി.

ഓഗസ്റ്റ് 21-ന് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച വട്ടിയൂര്‍ക്കാവ് സ്വദേശി അനില്‍കുമാറിന്റെ ശരീരത്തിലാണ് പുഴുവരിച്ചത്. ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലെത്തിയപ്പോഴാണ് ശരീരത്തില്‍ പുഴുവരിച്ചത് ബന്ധുക്കള്‍ കണ്ടെത്തിയത്.

Related Stories

Anweshanam
www.anweshanam.com