ആരോഗ്യമന്ത്രി കെകെ ശൈലജ കോവിഡ് വാക്സിന്‍ സ്വീകരിച്ചു

സംസ്ഥാനത്ത് വാക്‌സിനേഷന്‍ സുഗമമായി നടക്കുന്നതായി മന്ത്രി കെകെ ശൈലജ ടീച്ചര്‍ പറഞ്ഞു.
ആരോഗ്യമന്ത്രി കെകെ ശൈലജ കോവിഡ് വാക്സിന്‍ സ്വീകരിച്ചു

തിരുവനന്തപുരം: ആരോഗ്യമന്ത്രി കെകെ ശൈലജ കോവിഡ് വാക്സിന്‍ സ്വീകരിച്ചു. ആരോഗ്യമന്ത്രിയും ഭര്‍ത്താവ് കെ. ഭാസ്‌കരനും തിരുവനന്തപുരം മെഡിക്കല്‍ കോളജിലെത്തിയാണ് വാക്‌സിന്‍ സ്വീകരിച്ചത്.

സംസ്ഥാനത്ത് വാക്‌സിനേഷന്‍ സുഗമമായി നടക്കുന്നതായി മന്ത്രി കെകെ ശൈലജ ടീച്ചര്‍ പറഞ്ഞു. ഇതുവരെ നാല് ലക്ഷത്തിലധികം പേര്‍ വാക്‌സിനെടുത്തു കഴിഞ്ഞു. ആര്‍ക്കും തന്നെ ഗുരുതര പാര്‍ശ്വഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആയിരത്തിലധികം സെന്ററുകള്‍ വാക്‌സിനെടുക്കാന്‍ വിവിധ ജില്ലകളില്‍ തയ്യാറാക്കിയിട്ടുണ്ട്. ഇതുകൂടാതെ പരീക്ഷണാടിസ്ഥാനത്തില്‍ തിരുവനന്തപുരത്ത് മാസ് വാക്‌സിനേഷന്‍ കേന്ദ്രം സംഘടിപ്പിച്ചിരുന്നു. അതുപോലെ മാസ് വാക്‌സിനേഷന്‍ കേന്ദ്രങ്ങളുടെ സാധ്യതയും നോക്കുന്നതാണ്. ഇതോടെ കൂടുതല്‍ ആളുകള്‍ക്ക് ഒരേസമയം വാക്‌സിന്‍ നല്‍കാന്‍ സാധിക്കും. മുന്‍ഗണനാക്രമം അനുസരിച്ച് എല്ലാവരും വാക്‌സിന്‍ എടുക്കേണ്ടതാണ്. പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തുവേണം വാക്‌സിന്‍ എടുക്കാനെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം, വാക്‌സിന്റെ ആദ്യ ഡോസ് എടുത്ത് കഴിഞ്ഞാല്‍ പ്രതിരോധമായെന്ന് കരുതരുത്. 28 ദിവസം കഴിഞ്ഞ് രണ്ടാമത്തെ ഡോസ് എടുക്കണം. അതുകഴിഞ്ഞ് 14 ദിവസം കഴിഞ്ഞേ പ്രതിരോധശേഷി കൈവരികയുള്ളൂ. അത്രയും ദിവസം ജാഗ്രത തുടരേണ്ടതാണ്. മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും തൊട്ടടുത്ത ദിവസങ്ങളില്‍ വാക്‌സിന്‍ എടുക്കുന്നതാണെന്ന് അറിയിച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

കേരളത്തില്‍ ആദ്യമായി വാക്‌സിനെടുത്തത് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനാണ്. കണ്ണൂര്‍ ജില്ലാ ആശുപത്രിയിലാണ് കടന്നപ്പള്ളി വാക്‌സിന്‍ സ്വീകരിച്ചത്. മോട്ടോര്‍ വാഹന പണിമുടക്ക് ആയതുകൊണ്ട് ഇരുചക്രവാഹനത്തിലാണ് അദ്ദേഹം എത്തിയത്. തുടര്‍ന്ന് നടപടിക്രമങ്ങള്‍ പൂര്‍ത്തികരിച്ചാണ് മന്ത്രി വാക്‌സിന്‍ സ്വീകരിച്ചത്. സംസ്ഥാനത്ത് രണ്ടാം ഘട്ട കോവിഡ് വാക്‌സിനേഷന്‍ തുടരുകയാണ്. ഇതുവരെ നാല് ലക്ഷത്തിലധികം പേരാണ് വാക്സിനെടുത്തത്. ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് രാജ്യത്ത് രണ്ടാം ഘട്ട വാക്‌സിനേഷന് തുടക്കമിട്ടത്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com