കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചുള്ള സമരം പാടില്ല​: ഹൈക്കോടതി
Kerala

കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചുള്ള സമരം പാടില്ല​: ഹൈക്കോടതി

കോവിഡ്​ കാലത്ത്​ പ്രതിഷേധ സമരങ്ങൾക്കുംമറ്റും വിലക്കേർപ്പെടു​ത്തണമെന്ന ഹരജി പരിഗണിച്ചാണ്​ കോടതി ഉത്തരവ്

By News Desk

Published on :

കൊച്ചി: കോവിഡ്​ മാർഗ നിർദേശങ്ങൾ ലംഘിച്ചുള്ള സമരങ്ങളും പ്രതിഷേധങ്ങളും പാടില്ലെന്ന്​ ഹൈകോടതിയുടെ ഇടക്കാല ഉത്തരവ്​. കോവിഡ്​ കാലത്ത്​ പ്രതിഷേധ സമരങ്ങൾക്കുംമറ്റും വിലക്കേർപ്പെടു​ത്തണമെന്ന ഹരജി പരിഗണിച്ചാണ്​ കോടതി ഉത്തരവ്​​. രാഷ്ട്രീയ പാർട്ടികൾ ഇത് പാലിക്കുന്നുണ്ടെന്ന് സർക്കാർ ഉറപ്പാക്കണമെന്നും ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവില്‍ പറയുന്നു.

മറ്റ്​ പൗരൻമാരുടെ അവകാശം ഹനിച്ചുകൊണ്ട്​ സ്വന്തം അവകാശം സംരക്ഷിക്കാൻ പൗരൻമാർക്ക്​ കഴിയില്ലെന്ന്​ കോടതി നിരീക്ഷിച്ചു. എല്ലാ പൗരൻമാരും സംഘടനകളും രാഷ്​ട്രീയ പാർട്ടികളും നിർബന്ധമായി പാലിക്കാൻ വേണ്ടിയാണ്​ കേന്ദ്ര, സംസ്ഥാന സർക്കാറുകൾ മാർഗ നിർദേശങ്ങൾ പുറത്തിറക്കുന്നത്​. ഇത്​ ലംഘിക്കുന്നത്​ ശിക്ഷാർഹമാണെന്നും ഹൈകോടതി ഉത്തരവിൽപറയുന്നു.

ജൂലൈ രണ്ടിലെ സർക്കാർ മാർഗനിർദേശങ്ങൾ അനുസരിച്ച് എത്ര സമരങ്ങൾക്ക് അനുമതി നൽകി എന്ന് അറിയിക്കാൻ സർക്കാരിന് കോടതി നിർദേശം നൽകിയിട്ടുണ്ട്. ഇതോടൊപ്പം കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ സമരം നടത്തിയതിന് എത്ര കേസുകൾ രജിസ്റ്റർ ചെയ്‌തെന്നും അറിയിക്കണം. ഈ വിശദാംശങ്ങൾ നാളെ തന്നെ നൽകണമെന്നും ഹൈക്കോടതി സര്‍ക്കാരിനോട് നിർദേശിച്ചു. ഹർജി നാളെ വീണ്ടും പരിഗണിക്കും.

സംസ്ഥാനത്ത് കണ്ടെയിന്‍മെന്‍റ് സോണുകൾ കൂടിവരികയാണെന്നും സമൂഹവ്യാപനവും സൂപ്പർ സ്പ്രെഡും ഉണ്ടാകുന്ന സാഹചര്യത്തില്‍ ചട്ടങ്ങൾ ലംഘിച്ചുള്ള സമരം കോവിഡിന്‍റെ സമൂഹ വ്യാപനത്തിലേക്ക് നയിക്കുമെന്നും ഹരജിക്കാർ കോടതിയെ ബോധിപ്പിച്ചു.

രാഷ്ട്രീയ പാർട്ടികൾ അടക്കം ആഹ്വാനം ചെയ്യുന്ന സമരങ്ങൾ കൊവിഡ് രോഗവ്യാപനത്തിന് ഇടയാക്കുമെന്നാണ് ഹർജിക്കാര്‍ ആരോപിക്കുന്നത്. മാനദണ്ഡങ്ങൾ ലംഘിച്ച് സമരം നടത്തുന്ന പാർട്ടികളുടെ അംഗീകാരം റദ്ദാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്ത് ലോക്ഡൗൺ ഇളവുകള്‍ വന്നെങ്കിലും പലയിടങ്ങളും ഇന്നും കണ്ടെയിന്‍മെന്‍റ് സോണുകളാണ്. രോഗവ്യാപനം വലിയ തോതിൽ ഉയരുന്നു. ഈ രീതിയിൽ രോഗവ്യാപമുണ്ടായാൽ സാമൂഹിക വ്യാപനത്തിലേക്ക് സംസ്ഥാനമെത്താനും സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ ചട്ടങ്ങൾ ലംഘിച്ചുള്ള സമരം കൊവിഡിന്‍റെ സാമൂഹിക വ്യാപനത്തിലേക്ക് നയിക്കുമെന്ന് ഹർജിക്കാർ വ്യക്തമാക്കുന്നു.

Anweshanam
www.anweshanam.com